ലോ അക്കാദമി ; അവസാനം ലക്ഷ്മി നായരെ മാറ്റി ; സമരം വിജയം എന്ന് എസ് എഫ് ഐ
തിരുവനന്തപുരം : കേരളാ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും. ഇക്കാലയളവില്‍ അധ്യാപികയായി പോലും അക്കാദമിയില്‍ പ്രവേശിക്കില്ല. വൈസ് പ്രിന്‍സിപ്പല്‍ മാധവന്‍ പോറ്റിക്ക് ഇക്കാലയളവില്‍ പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കും. അതേസമയം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ എസ്.എഫ്.ഐ നേതാക്കളുമായി മാത്രമാണ് ചര്‍ച്ച നടത്തിയതെന്നും സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുത്തെന്നും എ.ബി.വി.പി അടക്കമുള്ള മറ്റ് സംഘടനകള്‍ ആരോപിച്ചു. പ്രിൻസിപ്പലിനെ മാറ്റിയതിനെ തുടർന്ന് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചു. എന്നാൽ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് മറ്റു വിദ്യാർഥി സംഘടനകൾ അറിയിച്ചത്. എസ്.എഫ്.ഐ മാത്രം വിളിച്ച് മാനേജ്മെന്‍റ് തീരുമാനം അറിയിച്ചത് ശരിയായ നടപടിയല്ല. എസ്.എഫ്.ഐയും മാനേജ്മെന്‍റും ഒത്തു കളിച്ചെന്നും കെ.എസ്.യുവും എബി.വി.പിയും ആരോപിച്ചു.
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയെന്നും എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ കോളേജ് മാനേജ്മെന്റ് ഔദ്ദ്യോഗികമായി ഇക്കാര്യം അറിയിക്കുന്നത് വരെ സമരം തുടരുമെന്ന് കോളേജില്‍ സമരം നടത്തിവന്ന മറ്റ് സംഘടകള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് തീരുമാനം വിശദീകരിച്ച് കോളേജ് ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍ ഇക്കാര്യം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്.ലക്ഷ്മി നായര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാവില്ല. എന്നാല്‍ കോളേജില്‍ അധ്യാപികയായി പോലും പ്രവര്‍ത്തിക്കുകയില്ലെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. കോളേജ് നാളെമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.എല്ലാ വിദ്യാർഥി സംഘടനകളുമായി മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷം ചേർന്ന ഗവേർണിങ് ബോഡി യോഗം ലക്ഷ്മിനായരെ മാറ്റി നിർത്താൻ തീരുമാനിക്കുകയായിരുന്നു. സമരം മൂലം വിദ്യാർഥികളുടെ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനം സ്വീകരിച്ചത്. വിദ്യാർഥികൾ സമരം തുടർന്നാൽ പൊലീസ് സംരക്ഷണത്തിൽ ക്ലാസുകൾ തുടരുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.