പത്മ പുരസ്‌കാരങ്ങള്‍: സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 24 പേരുടെ പട്ടിക പുറത്തുവിട്ടു


തിരുവനന്തപുരം: 2017 ലെ പത്മാ പുസ്‌കാരങ്ങള്‍ ലഭിക്കുതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 24 പേരെ ശുപാര്‍ശ ചെയ്ത രേഖകള്‍ പുറത്തുവിട്ടു. 2017 ലെ പത്മാ അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിലേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുതിനായി മന്ത്രി എ കെ ബാലന്‍ കവീനറായി പ്രത്യേക സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് മന്ത്രിമാരായ രാമചന്ദ്രന്‍ കടപ്പള്ളി, എ കെ ശശീന്ദ്രന്‍, മാത്യൂ ടി തോമസ്, ഇ ചന്ദ്രശേഖരന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് സെര്‍ച്ച് കമ്മിറ്റി സെക്രട്ടറിയായി 24 പേരുടെ അന്തിമ പട്ടിക തയ്യാറാക്കി മന്ത്രിസഭ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തു.

എന്നാല്‍ ഇവരില്‍ നിന്നും മൂന്ന് പേര്‍ക്ക് മാത്രമാണ് പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 21 പേരുടെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയിലില്ലാത്ത മൂന്ന് പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി. വിവരാവകാശ നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് രേഖകള്‍ പുറത്തുവിടാന്‍ തയ്യാറായത്.

2017ലെ പത്മാ പുസ്‌കാരങ്ങള്‍ ലഭിക്കുതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്ത 24 പേര്‍ ഡോ. കെ ജെ യേശുദാസ്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസം, സുഗതകുമാരി, അക്കിത്തം, വെള്ളയാണി അര്‍ജ്ജുനന്‍, പി ജയചന്ദ്രന്‍, കെ ജി ജയന്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഡോ. കെ ഓമനക്കുട്ടി അമ്മ, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, പ്രൊഫ. കെ എന്‍. പണിക്കര്‍, ഐ എം വിജയന്‍, ഡോ. ടി കെ ജയകുമാര്‍, ഡോ. എം.ആര്‍. രാജഗോപാല്‍, ഡോ. ബി ഇക്ബാല്‍, കെ രവീന്ദ്രനാഥന്‍ നായര്‍, ഫാ. ഡേവിസ് ചിറമേല്‍, കെ ഇ മാമ്മന്‍, കെ മാധവന്‍, പി രമേശന്‍, എം കെ അര്‍ജ്ജുനന്‍, എം കെ സാനു, ടി പത്മനാഭന്‍, കെ എന്‍ ഗോപാലകൃഷ്ണ ഭട്ട് എന്നിവരാണ്.

ഇവരില്‍ കെ ജെ യേശുദാസിന് പത്മവിഭൂഷണും അക്കിത്തം, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ക്ക് പത്മശ്രീയും നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പട്ടികയിലില്ലാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കിയത് ആദ്യമായിട്ടാണ്. പാറശ്ശാല ബി പൊന്നമ്മാള്‍, മീനാക്ഷിയമ്മ, പി ആര്‍ ശ്രീജേഷ് എന്നിവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കിയത്.