കന്യാമറിയം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന മെജഗോറിയിലേക്ക് മാര്‍പാപ്പായുടെ പ്രത്യേക പ്രതിനിധി
റോം: 1981ല്‍ വിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന മെജഗോറിയിലേക്ക് മാര്‍പ്പാപ്പാ ഒരു പ്രത്യേക പ്രതിനിധിയെ നിയമിച്ചു. ബോസ്‌നിയ ഹെര്‍സഗൊവീനയിലുള്ള പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെജഗോറിയെയിലെ അജപാലനപരമായ കാര്യങ്ങള്‍ പഠിക്കുന്നതിനാണു പോളണ്ടിലെ വര്‍സ്വാ-പ്രാഗ രൂപതയുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ്പ് ഹെ9റിക് ഹോസെറിനെ അയക്കുന്നതെന്നാണ് വത്തിക്കാന്റെ ഓഫീസ് നല്‍കുന്ന വിശദികരണം.
ഇതിനിടയില്‍ തീര്‍ത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുത്തിരുന്നു. എന്നാല്‍ കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്ന കാര്യത്തില്‍ വത്തിക്കാന്‍ ഇതുവരെ കൃത്യമായ വിശദികരണം നല്‍കുകയോ, ഫാത്തിമയിലും, ലൂര്‍ദ്ദിലും അംഗീകരിച്ചിരിക്കുന്നതുപോലെയുള്ള ഔദ്യോഗിക മരിയന്‍ ദര്‍ശനങ്ങളുടെ ഗണത്തിലും ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. മരിയന്‍ ദര്‍ശനങ്ങളുടെ ഗണത്തില്‍ ഇത് സ്ഥിരികരിക്കാന്‍ പ്രദേശത്തെ പുരോഹിതരും, തീര്‍ത്ഥാടകരും നിരന്തരമായി വത്തിക്കാനില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. തുടര്‍ന്ന് 2010ല്‍ സഭ അന്വേഷണത്തിനായി കമ്മീഷന്‍ നടത്തിയിരുന്നു. 2014 ജനുവരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, ഔദ്യോഗികമായി ഈ കാര്യത്തില്‍ സഭ വിശദികരണം നല്‍കിയിട്ടില്ല.
1981 ജൂണ്‍ 24 മുതലാണ് മെജഗോറിയെയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശനം ഉണ്ടായതെന്നും ഈ ദര്‍ശന സമയത്ത് അവിടെയുണ്ടായിരുന്ന ആറുപേരും പേടിച്ച് ഓടിയതിനാല്‍ പിറ്റേ ദിവസം ജൂണ്‍ 25ന് നടന്ന ദര്‍ശനമാണ് പ്രഥമ ദര്‍ശനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 1981 ജൂലൈ ഒന്നുവരെ തുടര്‍ച്ചയായും പിന്നിടും ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
”സമാധാന രാജ്ഞി” എന്നാണ് മെജഗോറിയയില്‍ കന്യാമറിയം വണങ്ങപ്പെടുന്നത്. ജൂണ്‍ 25 നാണ് സമധാന രാജ്ഞിയുടെ തിരുന്നാള്‍ അവിടെ ആചരിക്കപ്പെടുന്നത്. ഓരോ വര്‍ഷവും കുറഞ്ഞത് പത്ത് ലക്ഷം പേരെങ്കിലും സന്ദര്‍ശനം നടത്തുന്ന പ്രധാന മരിയന്‍ കേന്ദ്രവും കൂടിയാണ് ഇത്. 1990കളിലേ ബോസ്‌നിയ യുദ്ധസമയത്തുപോലും ഇവിടേക്കുള്ള തീര്‍ത്ഥാടനത്തില്‍ വിലക്ക് ഉണ്ടായിരുന്നില്ല. ദരിദ്ര ബാള്‍ക്കന്‍ രാജ്യമായ ബോസ്‌നിയയുടെ ആകെ ജനസംഖ്യ 3.8 മില്യണ്‍ ആണ്. ഇതില്‍ 10 ശതമാനം കത്തോലിക്കരാണ്.