ഒരാഴ്ച്ച ബാറ്ററി ബാക്കപ്പുമായി നോക്കിയ 3310 വീണ്ടും എത്തുന്നു

ആന്‍ഡ്രോയിഡ് ഫോണുകളുടെ കാലമാണ് ഇപ്പോള്‍ അതിന്റെ വരവോടെ പല മുന്‍നിര ഫോണ്‍ കമ്പനികളും വരെ പൂട്ടിപ്പോയി. ഒരുകാലത്ത് രാജാവായി നിന്നിരുന്ന നോക്കിയയുടെ അനുഭവം നമ്മുടെ മുന്‍പില്‍ ഉള്ളതാണ്.എന്നാല്‍ ഒരു വമ്പന്‍ തിരിച്ചുവരവിന്‍റെ പാതയിലാണ് നോക്കിയ ഇപ്പോള്‍. ഒരുകാലത്ത് വിപണിയില്‍ എതിരാളികളില്ലാത്ത ഏറ്റവും കൂടുതല്‍ വിറ്റഴിയ്ക്കപ്പെട്ട മൊബൈല്‍ ഫോണായിരുന്നു നോക്കിയ 3310. ടാബ് ലെറ്റ്‌സും ആന്‍ഡ്രോയിഡിന്റെയും പുതിയ വേര്‍ഷന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിനിടയിലാണ് നോക്കിയ 3310ന്റെ തിരിച്ച് വരവ് വിപണിയെ ഞെട്ടിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 5ന് ഒപ്പമായിരിക്കും നോക്കിയ 3310 യുടെ വരവെന്നാണ് അറിവ്. വീണ്ടും അവതരിക്കുമ്പോള്‍ നോക്കിയ 3310ന് കെട്ടിലും മട്ടിലും എത്രത്തോളം മാറ്റമുണ്ടെന്ന് സൂചനയൊന്നും പുറത്തുവന്നിട്ടില്ല. എങ്കിലും പുതിയതായി പുറത്തിറങ്ങുന്ന നോക്കിയ ഫോണുകളിലൊന്ന് ഇതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 26 നാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുക. 2000 സെപ്റ്റംബര്‍ ഒന്നിനാണ് ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ മൊബൈല്‍ ഫോണുകളിലൊന്നായ നോക്കിയ 3310 വിപണയില്‍ എത്തുന്നത്. തുടര്‍ന്ന്‍ ഏകദേശം 12.6 കോടി നോക്കിയ 3310 ഫോണുകള്‍ വിറ്റുപോയിട്ടുണ്ട്. 4000 രൂപ ആയിരിക്കും നോക്കിയ 3310യുടെ വിലയെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച്ചയാണ് ബാറ്ററി ബാക്കപ്പ് കമ്പനി അവകാശപ്പെടുന്നത്.അതേസമയം ഈ വിലയ്ക്ക് ഇപ്പോള്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്.അപ്പോള്‍ അതെ വിലയില്‍ ഉള്ള സാധാരണ ഫോണ്‍ വാങ്ങുവാന്‍ ജനങ്ങള്‍ തയ്യാറാകുമോ എന്ന് കണ്ടുതന്നെ അറിയാം.