മുഖ്യമന്ത്രി കസേര സ്വപ്നംകണ്ട ശശികലക്ക് സമ്മാനം നാലുവര്‍ഷം തടവുശിക്ഷയും പത്ത് കോടിരൂപ പിഴയും


ചെന്നൈ: മുഖ്യമന്ത്രി കസേര മോഹിച്ച് അതിനുവേണ്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരും ചെയ്യാത്ത തന്ത്രങ്ങള്‍ മെനഞ്ഞു നടപ്പിലാക്കുവാന്‍ ശ്രമിച്ച ശശികലയ്ക്ക് ലഭിച്ചത് ജയില്‍വാസം. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് സുപ്രീംകോടതി ശിക്ഷവിധിച്ചത്. നേരത്തെ വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവക്കുകയായിരുന്നു. ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ബംഗളുരു കോടതിയിൽ കീഴടങ്ങാനാണ് നിർദേശം. 10 വർഷത്തേക്ക് ശശികലക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. ശശികല ജയലളിതയുടെ ബിനാമിയാണെന്ന വാദവും സുപ്രീംകടതി ശരിവെച്ചു. ശശികലയോടൊപ്പം മറ്റു പ്രതികളായ ജയയുടെ വളർത്തുമകനായിരുന്ന വി.എൻ. സുധാകരൻ, ശശികലയുടെ ബന്ധു ഇളവരശി എന്നിവരും വിചാരണക്കോടതി വിധിച്ച ശിക്ഷ അനുഭവിക്കണം. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതികൾക്ക് നാലു വർഷം തടവും പിഴയും ബംഗളൂരുവിലെ വിചാരണ കോടതി 2014ൽ വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വർഷവും 10 മാസം തടവും 10 കോടി രൂപ പിഴയും അടക്കണം. 2015ൽ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈകോടതി വിധിക്കെതിരെ കർണാടക സർക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ അപ്പീലിലാണ് ഇപ്പോൾ വിധി വന്നത്. അതേസമയം, ബംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലക്ക് സുപ്രീം കോടതി നിർദേശം നൽകി. വിചാരണക്കോടതി വിധിയനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചതിനാൽ ബാക്കി തടവാണ് പ്രതികൾക്ക് അനുഭവിക്കേണ്ടി വരിക. സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ചൊവ്വാഴ്ച രാവിലെയും ശശികല. സുപ്രീം കോടതിയില്‍നിന്ന് നല്ല വാര്‍ത്ത പ്രതീക്ഷിക്കുവെന്ന് രാവിലെ അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ജയലളിത മരിച്ചതിനുശേഷം എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തിരക്കിട്ട നീക്കങ്ങള്‍ വരെ നടത്തിയിരുന്നു. അതിന്റെ ഇടയിലാണ് ഇപ്പോള്‍ ഇരുട്ടടിയായി ജയില്‍വാസം കിട്ടിയിരിക്കുന്നത്.