ടോം ജോസഫിന്റെ പരാതി: കേരള വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടു


ഡല്‍ഹി: കേരള വോളിബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടതായി വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു മുന്‍കാല കളിക്കാരെ ഉള്‍പ്പെടുത്തി താല്‍കാലിക അഞ്ചംഗ സമിതിക്ക് രൂപം നല്‍കി. നാലകത്ത് ബഷീര്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാല്‍ സമിതിയില്‍ നിന്ന് ഒഴിയാമെന്ന് മുന്‍കാല കളിക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞമാസം സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി നാലകത്ത് ബഷീറിന് സ്പോര്‍ട്സ് കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വോളിബോള്‍ താരം ടോം ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പോര്‍ട്സ് കൌണ്‍സില്‍ വിശദീകരണം തേടിയത്. വോളിബോള്‍ അസോസിയേഷന്റെ കാല് നക്കിയാണ് ടോം ജോസഫ് അര്‍ജുന അവാര്‍ഡ് തരപ്പെടുത്തിയതെന്ന ബഷീറന്റെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ രംഗത്തുവന്ന ടോം ജോസഫ് അസോസിയേഷന്‍ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രിക്കും സ്പോര്‍ട്സ് കൗണ്‍സിലിനും കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കായിക മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.