ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ പൈലറ്റ് ഇന്ത്യാക്കാരി
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്/ മുംബൈ: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പൈലറ്റായ ആയിഷ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ പൈലറ്റ് എന്ന ബഹുമതി സ്വന്തമാക്കുന്നു. 21 കാരിയായ ആയിഷയ്ക്ക് പാസഞ്ചര്‍ പൈലറ്റ് ലൈസന്‍സ് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും. കാശ്മീര്‍ സ്വദേശിയായ ആയിഷ അസീസ് ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയിലാണ് താമസം.
പതിനാറാം വയസില്‍ വിദ്യാര്‍ഥി പൈലറ്റായി ആയിഷ അഞ്ച് വര്‍ഷം മുന്പ് റിക്കാര്‍ഡ് സൃഷ്ടിച്ചിരുന്നു. മുംബൈ ഫ്‌ളൈയിംഗ് ക്ലബില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏവിയേഷനില്‍ ബിരുദം നേടിയ ആയിഷ പരിശീലനത്തിന്റെ ഭാഗമായി സിംഗിള്‍ എന്‍ജിന്‍ എയര്‍ക്രാഫ്റ്റ് 200 മണിക്കൂര്‍ പറത്തിയിട്ടുണ്ട്.
നേരത്തെ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിമാനം പറത്തുന്നത് സ്വപ്നം കാണാറുണ്ടെന്നും എന്നെങ്കിലും നടക്കുമെന്ന് കരുതിയിരുന്നുവെന്നും ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നുവെന്നും ആയിഷ പറഞ്ഞു. ലോക മാധ്യമങ്ങളില്‍ ആദ്യ വിദ്യാര്‍ഥി പൈലറ്റായ ആയിഷയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് ഈ കാശ്മീര്‍ മുസ് ലിം പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെ ഒരു തൊഴില്‍ ചെയ്യാന്‍ പാടില്ല എന്ന ആക്ഷേപവും ഏറ്റുവാങ്ങി. നബിയുടെ ഭാര്യക്ക് യുദ്ധത്തില്‍ ഒട്ടകത്തെ ഓടിക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് വിമാനം പറത്താന്‍ പാടില്ല എന്ന് അവള്‍ ചോദിക്കുന്നു. ഈ വാര്‍ത്ത അന്തരാഷ്ട്ര മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.