കാമുകിയുമായി പാര്‍ക്കില്‍ സംസാരിച്ചുകൊണ്ടു ഇരുന്നതിനു യുവാവിനെ പോലീസ് പിടികൂടി മൊട്ടയടിച്ചു (വീഡിയോ)

ലക്നോ : വമ്പന്‍ ഭരണ പരിഷ്ക്കാരങ്ങള്‍ ആണ് യുപിയില്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെ കമന്റ് അടിക്കുന്നവര്‍ക്ക് പൊതുജനമധ്യത്തില്‍ തന്നെ പോലീസുകാര്‍ ശിക്ഷ നല്‍കുക, ഇറച്ചിക്കടകള്‍ അടപ്പിക്കുക , ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ പിടികൂടി ജയിലില്‍ ഇടുക. എന്നിങ്ങനെ പോകുന്നു അവരുടെ ഭരണനേട്ടങ്ങള്‍. സ്ത്രീകളുടെ സുരക്ഷയെ കരുതി ആൻറി റോമിയോ സ്ക്വാഡിന്‍റെ പ്രവര്‍ത്തനം ഇപ്പോള്‍ ശക്തമാക്കി എങ്കിലും തങ്ങള്‍ക്ക് ഇഷ്ടമില്ലത്താവരെ തിരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. റോഡ്‌ വക്കില്‍ വെറുതെ നില്‍ക്കുന്ന യുവാക്കള്‍ക്ക് പോലും ഇപ്പോള്‍ മര്‍ദനം ഏല്‍ക്കുകയാണ്. അതുപോലെ കമിതാക്കള്‍ക്ക് നേരെയും സ്ക്വാഡ് ഇപ്പോള്‍ ആക്രമണം ആരംഭിച്ചുകഴിഞ്ഞു. പാര്‍ക്കിലും , പൊതുഇടങ്ങളിലും ഒരുമിച്ചിരിക്കുന്ന കമിതാക്കളെ അടിച്ചും വിരട്ടിയും ഓടിക്കുകയാണ് സ്ക്വാഡ് ചെയ്യുന്നത്. അത്തരത്തില്‍  ഉത്തർ പ്രദേശിലെ ഷാജഹാൻപുരിൽ പൊതു പാർക്കിൽ  പെൺസുഹൃത്തിനോടൊപ്പം കണ്ടതിന് യുവാവിന്‍റെ  തല സ്ക്വാഡ് മുണ്ഡനം ചെയ്തു.യുവാവിനെയും യുവതിയെയും പാർക്കിൽ വച്ച് കണ്ട പൊലീസുകാർ യുവതിയോട് പോകാൻ ആവശ്യെപ്പട്ട ശേഷം ബാർബറെ വിളിച്ചു വരുത്തി  തല മുണ്ഡനം ചെയ്യുകയായിരുന്നു. സംഭവത്തില്‍  മൂന്ന് പൊലീസുകാരെ സസ്പെൻറ് ചെയ്തു. കോൺസ്റ്റബിൾമാരായ സുഹൈൽ അഹമ്മദ്, ലെയ്ക് അഹമ്മദ്, സോനു പാൽ എന്നിവർക്കാണ് സസ്പെൻഷൻ. സംഭവ സ്ഥലത്ത് ഉണ്ടായിട്ടും തല മുണ്ഡനം ചെയ്യുന്ന  നടപടിയെ  തടയാൻ ശ്രമിച്ചില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് സസ്പെൻഷനെന്ന് സീനിയർ സൂപ്രണ്ട്  ഓഫ്  പൊലീസ് കെ.ബി സിങ് പറഞ്ഞു.  വീഡിയോ ഇപ്പോള്‍ വൈറല്‍ ആയി മാറിക്കഴിഞ്ഞു.