ഭക്ഷ്യവിഷബാധ ; പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാമ്പില്‍ 400ലേറെ ജവാന്‍മാര്‍ ആശുപത്രിയില്‍
തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്തെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. ക്യാമ്പിലെ ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച നാന്നൂറോളം ജവാന്മാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. കഴക്കൂട്ടത്തെ സി.എസ്.ഐ മിഷന്‍ ആശുപത്രിയിലും എ.ജെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുമാണ് ജവാന്മാരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 110 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഛര്‍ദ്ദിയും വയറിളക്കവുമാണ് അധിപേര്‍ക്കും ലക്ഷണങ്ങളായുള്ളത്. ചിലര്‍ക്ക് ശരീരം ചൊറിഞ്ഞ് തടിച്ച് അലര്‍ജി സമാനമായ ലക്ഷങ്ങളുമുണ്ടായിരുന്നു. രാത്രി ക്യാന്റീനില്‍ വിതരണം ചെയ്ത മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് നിഗമനം. ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്ദ്യോഗസ്ഥരെത്തി ഇതിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മെഡിക്കല്‍ കോളേജില്‍ ഇവരെ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് സൂപ്രണ്ട് അറിയിച്ചു.അതേസമയം ആരുടേയും നില ഗുരുതരമല്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.