ജസ്റ്റിസ് കര്‍ണന്‍ തിരിച്ചടിച്ചു; ചീഫ് ജസ്റ്റിസിന്റെ മാനസിക നില പരിശോധിക്കണം

ഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മാനസിക നില പരിശോധിക്കണമെന്ന് സ്വമേധയാ ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി ജസ്റ്റിസ്റ്റ് സി.എസ് കര്‍ണന്‍. ചീഫ് ജസ്റ്റിസിനു പുറമെ ഏഴ് ജഡ്ജിമാരുടെയും മാനസിക നില പരിശോധിക്കണമെന്നും കര്‍ണന്‍ പറഞ്ഞു.

നേരത്തെ കര്‍ണനെ വൈദ്യ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ കര്‍ണന്റെ തിരിച്ചടി.
ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടുകയാണ്. സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടിയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് വിദേശയാത്രക്ക് വിലക്കേര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് മറ്റൊരു ഉത്തരവില്‍ ഇവര്‍ക്ക് വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്താനും കര്‍ണന്‍ ഉത്തരവിട്ടിരുന്നു. തന്റെ വസതിയില്‍ നിന്നു തന്നെയാണ് കര്‍ണന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത്.