ടാ കൃഷ്ണാ… ഗംഗയാടാ… കല്യാണത്തിനു പോകണ്ടേ…. ന്യൂജെന്‍ രീതിയിലെ കല്യാണം ക്ഷണിക്കല്‍… (വീഡിയോ)
കല്യാണം എന്നു കേള്‍ക്കുമ്പോഴേ വേവലാതി വരുന്നത് ആരെയൊക്കെ വിളിക്കുമെന്നും എല്ലായിടത്തും എത്തിപ്പെടാന്‍ പറ്റുമോ എന്നുമൊക്കെ ഓര്‍ത്തിട്ടാവും. ഇനി കഷ്ടകാലത്തിനു വിളിക്കാന്‍ വിട്ടു പോയാലോ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണിതൊക്കെ അല്ലെ? എന്നാല്‍ അതിലൊക്കെ അല്‍പ്പം വെറൈറ്റി ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പഴഞ്ചന്‍ സമ്പ്രദായങ്ങളോട് എന്നും വഴക്കിടുന്നവര്‍ ചുരുക്കപ്പേരില്‍ ന്യൂജെന്‍ എന്നു വിളിപ്പേരുള്ളവര്‍.
ന്യൂജെന്‍ പിള്ളേരുടെ കല്ല്യാണങ്ങള്‍ എല്ലായിപ്പോഴും വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെടാറുണ്ട്. അതിനായി എന്തെങ്കിലും പുതിയ ആശയങ്ങള്‍ അവര്‍ കരുതി വെക്കാറുമുണ്ട്. അതിപ്പോള്‍ കല്യാണക്കുറി മുതല്‍ മണിയറ വരെ അവരുടെ കൈകടത്തല്‍ കാണാറുമുണ്ട്.
ഇവിടെ കല്യാണം വിളിക്കുന്നതിലാണ് പ്രത്യേകത.എന്നും കൂട്ടുകൂടാറുള്ള സോഷ്യല്‍ മീഡിയ ടീംസിനെ ഒഴിച്ച് നിര്‍ത്തി എന്ത് കല്യാണം. അതുകൊണ്ട് ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന് പറയുന്നതുപോലെ കല്യാണവിളി പഴയ കല്യാണം വിളിയല്ല എന്ന് പറഞ്ഞു വയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സജീവ് ഇളമ്പലും കൂട്ടുകാരും.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിനായകന്‍ അനശ്വരമാക്കിയ കമ്മട്ടിപ്പാടത്തിലെ ഗംഗ കല്യാണം വിളിച്ചാല്‍ എങ്ങിനെയുണ്ടാകും. ഈ ആശയത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് സജീവ് തന്റെ കല്യാണം ക്ഷണിക്കലിലൂടെ. കമ്മട്ടിപ്പാടത്തിലെ ഗംഗയുടെ ശബ്ദത്തില്‍ ഫോണിലൂടെ കല്യാണം വിളിക്കുന്ന രീതിയിലാണ് സജീവ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ടെലിവിഷന്‍ താരമായ ജോഷി ചങ്ങനാശ്ശേരിയാണ് ഗംഗയുടെ ശബ്ദം നല്‍കിയത്. ഈ വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഹിറ്റായിരിക്കുകയാണ്. മെയ് പത്തിനാണ് സജീവിന്റെയും സുചിത്രയുടെയും വിവാഹം.
സജീവ് ഒരുക്കിയിരിക്കുന്ന വീഡിയോ