കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30ന്; പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുമോ?

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30ന് നടക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ഈ മാസം 30ന് ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ആലുവയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നത്.

അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെത്തുമെന്ന് ഇനിയും വ്യക്തമായില്ല. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലന്നതു സൂചന. എന്നാല്‍ പ്രധാനമന്ത്രിയുടെ സമയം ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുക.

മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായി കൊച്ചി മെട്രോ സര്‍വീസിനു സജ്ജമായി കഴിഞ്ഞിരുന്നു. ആദ്യഘട്ട സര്‍വീസിന് ഒന്‍പതു ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണ് പ്രതിദിന സര്‍വീസിനു വേണ്ടത്. രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കി ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.