നമിക്കാം…നമുക്ക് ഇവളുടെ മുന്നില്‍…!

വള്ളിച്ചെരുപ്പും മുട്ടൊപ്പമെത്തുന്ന പാവാടയുമായി അവള്‍ മെക്‌സിക്കോ അള്‍ട്രാ മാരത്തോണ്‍ വിജയിച്ചു ….

മറിയ ലൊറേന റാമിറേസ് എന്നാണവളുടെ പേര്. വയസു ഇരുപത്തിരണ്ട്. മെക്‌സിക്കോയിലെ റെഡ് ഇന്ത്യന്‍ വംശജ. വിലകൂടിയ റണ്ണിങ് ഷൂസോ, തിളങ്ങുന്ന സ്‌പോര്‍ട്‌സ് കുപ്പായമോ, കൂളിംഗ് ഗ്‌ളാസോ ഒന്നും അവള്‍ക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒന്നുമാത്രം വിജയ തൃഷണ!

സമ്മാനത്തുകയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആറായിരം ഡോളര്‍ സ്വന്തമാക്കണം.., അവളുടെ സ്വപ്നത്തില്‍പ്പോലും സങ്കല്പിക്കുവാന്‍ കഴിയാത്തതായിരുന്നു അത്രെയും വലിയതുക.

മെക്‌സിക്കോയുടെ അമ്പതു കിലോമീറ്റര്‍ അള്‍ട്രാ മാരത്തോണ്‍,’സെറോ റോഹോ’ അങ്ങേയറ്റം ദുര്‍ഘടം പിടിച്ചതാണ്. കാടും, മലയും, പാറക്കൂട്ടങ്ങളും കുഞ്ഞരുവികളും ഒക്കെ താണ്ടിവേണം വിജയ വഴിയില്‍ എത്തുവാന്‍. പങ്കെടുത്തത് 12 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറ് പ്രഗത്ഭ ദീര്‍ഘ ദൂര ഓട്ടക്കാരായിരുന്നു. എല്ലാവരും സാര്‍വ്വ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നര്‍.., സ്‌പോര്‍ട്‌സ് വേഷവും ആയി അവരൊക്കെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിയപ്പോള്‍ വീട്ടിലും പുറത്തും അവള്‍ക്കു ഉപയോഗിക്കുവാന്‍ ആകെയുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ചെരുപ്പും മുട്ടോളമെത്തുന്ന പാവാടയുമായി അവളും ചെന്ന് നിന്നു.

സ്റ്റാര്‍ട്ടറുടെ വെടിയൊച്ചക്ക് ഒപ്പം കുതിച്ചു പാഞ്ഞ അവള്‍ക്കു അവളുടെ ഇല്ലായ്മ്മകള്‍ ഒന്നും ഒരു തടസ്സമായിരുന്നില്ല.., സമയത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ട് തല ഒരു വശത്തു ചെരിച്ചു പിടിച്ചുകൊണ്ടു ഒരു ഓട്ടമായിരുന്നു.., ഫിനിഷിങ് പോയിന്റും വിജയപീഠവും ആറായിരത്തിന്റെ ചെക്കും മാത്രമായിരുന്നു അവളുടെ മനസ്സില്‍….., പ്രതിബന്ധങ്ങള്‍ ഒക്കെ തരണം ചെയ്തു അവള്‍ വിജയ രേഖ കടന്നപ്പോള്‍ സ്റ്റോപ്പ് വാച്ചു നിശ്ചലമായതു ഏഴുമണിക്കൂറും മൂന്നു മിനിറ്റും കഴിഞ്ഞപ്പോള്‍…

ഫിനിഷിങ് പോയിന്റില്‍ വിഖ്യാതരായ വിജയികളെ കാത്തു നിന്ന അവരുടെ ആരാധകരും സംഘാടകരും ആദ്യമൊന്നു അമ്പരന്നു. വെറും വള്ളിച്ചെരുപ്പുമായി മുന്നിലെത്തിയ മറിയയെക്കണ്ടു.. പിന്നീടത് ആവേശകരമായ വരവേല്‍പ്പായതു മാറി. എവിടെയും ആഹ്‌ളാദവും അംഗീകാരത്തിന്റെ നിലക്കാത്ത കൈയടിയും. ഒടുവില്‍ അതെ വേഷത്തില്‍ത്തന്നെ നാട്യങ്ങളൊന്നും കൂടാതെ ആ തനി നാടന്‍ പെണ്‍കുട്ടി വിജയ പീഠമേറി തന്റെ സ്വപ്നമായിരുന്ന ഒന്നാം സ്ഥാനവും അതിനുള്ള സമ്മാനത്തുകയും ഏറ്റുവാങ്ങി…

അവളുടെ അനിയനും ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പത്താം സ്ഥാനത്തു എത്തുവാനേ അവനു കഴിഞ്ഞുള്ളു…., മെക്‌സിക്കോയിലെ നോര്‍ത്ത് വെസ്റ്റ് പ്രവിശ്യയില്‍ ഉള്ള ആദിവാസി വിഭാഗമായ ‘ Rarámuri’ വംശത്തില്‍പ്പെട്ട യുവതിയാണ് നമ്മുടെ ഈ വിസ്മയ വിജയി…!