കേരളീയര്‍ക്ക് ദുബായ് ശൈഖിന്റെ സമ്മാനമായി പ്രത്യേകം തെരഞ്ഞെടുത്ത ഈന്തപ്പഴം

തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിങ’് പദ്ധതിയുടെ ആത്മാവ് ഉള്‍ക്കൊണ്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വയം തെരഞ്ഞെടുത്ത വിശിഷ്ടമായ ഈന്തപ്പഴങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചു. രാജ്യപാരമ്പര്യത്തോട് താദാത്മ്യം പ്രാപിച്ചതും അതിന്റെ അവിഭാജ്യ പ്രതീകവുമായ യുഎഇയുടെ ദേശീയ ഫലമായ ഈന്തപ്പഴം തിരുവനന്തപുരത്തെ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സാബി മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ചേംബറില്‍ ചെന്നുകണ്ട് സമ്മാനിച്ചു.

വിശുദ്ധ മാസമായ റമദാന്റെ ആരംഭവുമായി ബന്ധപ്പെട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുമാണ് ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പടുന്ന ദക്ഷിണേന്ത്യന്‍ കോണ്ഡഡസുലേറ്റിന്റെകൂടി ചുമതലയയുള്ള കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. തുടര്‍ന്ന് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഭിന്നശേഷിക്കാരും അനാഥരുമായ 30 കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്തു.

മുഖ്യമന്ത്രി നല്‍കുന്ന സുസ്ഥിരമായ പിന്തുണയ്ക്ക് നന്ദിപറഞ്ഞ കോണ്‍സുല്‍ ജനറല്‍ ഈന്തപ്പഴങ്ങള്‍ അര്‍ഹരും ആവശ്യക്കാരുമായവര്‍ക്ക് നല്‍കണമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹത്തിനു സമ്മാനിച്ചതെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെയും യുഎഇ-യിലെയും ജനങ്ങള്‍ തമ്മില്‍ ദീര്‍ഘകാലത്തെ ചരിത്രപരമായ ബന്ധവും സൗഹൃദത്തിന്റെയും പ്രതീകമെന്ന നിലയിലാണ് ഇതാദ്യമമായി ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റെഡ് ക്രെസന്റ് സൊസൈറ്റി എന്ന ജീവകാരുണ്യ-സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീമതി നളിനി നെറ്റോയും വിശിഷ്ട വ്യക്തികളും കോണ്‍സുലേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2017 ഇയര്‍ ഓഫ് ഗിവിങ് ആയി പ്രഖ്യാപിച്ചത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്ന് യുഎഇ-യുടെ വ്യക്തിത്വത്തിന്റെ ഭാഗമായുള്ള കാരുണ്യത്തിന്റെയും ആതിഥേയത്വത്തിന്റെയും മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ ആചരണം. യുഎഇ വൈസ് പ്രസിഡന്റും ദുബായ് പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദും തുടരുന്ന ഈ നയത്തിന്റെ ഭാഗമായി ജീവകാരുണ്യം, മനുഷ്യസ്നേഹം, പരോപകാരം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളും പരിപാടികളും നടത്തുന്നു.