ജയിലില്‍ മട്ടന്‍ ബിരിയാണി കഴിച്ചത് ഓര്‍മ്മയായേക്കും; ഫുഡ് മെനുവില്‍ മാറ്റം വരുത്തുമെന്ന് സൂചന
തിരുവനന്തപുരം: ‘ജയിലിലൊക്കെയിപ്പോ ഗംഭീര ഫുഡല്ലേ മട്ടന്‍,ചിക്കന്‍ അടിപൊളി’ എന്നാല്‍ കാര്യങ്ങള്‍ ഇനി അത്ര സുഖകരമാവില്ല. ജയില്‍ മെനുവില്‍ നിന്ന് മട്ടന്‍ ഒഴിവാക്കി ചിക്കനും മുട്ടയും ആക്കുന്ന കാര്യം ചിന്തിക്കുകയാണെന്നും ജയിലിനുള്ളില്‍ അന്തേവാസികളെ കൊണ്ട് കശാപ്പു നടത്തിക്കുന്നതിനോട് യോജിപ്പില്ലെന്നും ജയില്‍ ഡി.ജി.പി. ആര്‍.ശ്രീലേഖ. കത്തിയുടേയും രക്തത്തിന്റേയും വഴിയിലൂടെ സഞ്ചരിച്ച് ഇവിടെ അന്തേവാസികളായി എത്തുന്നവരെ വീണ്ടും കശാപ്പുകാരാക്കുന്നത് ശരിയല്ല. ഇവയെ കൊല്ലുന്നതിലൂടെ അന്തേവാസികളുടെ മനസില്‍ ശേഷിക്കുന്ന നന്മ കൂടി നശിക്കുന്നു.
ഇവിടെ താറാവ് ഫാം തുടങ്ങുന്ന കാര്യം ആലോചിച്ചപ്പോള്‍ മുട്ടത്താറാവുകള്‍ മതിയെന്ന് താന്‍ പറയാന്‍ കാരണം കശാപ്പിനോടുള്ള അതൃപ്തിയാണ്. നെട്ടുകാല്‍ത്തേരി ജയിലിലെ തടവുകാര്‍ കശാപ്പുചെയുന്നവയെയാണ് സെന്‍ട്രല്‍ ജയിലില്‍ പാകം ചെയ്ത് വിറ്റഴിക്കുന്നത്. പശു, കോഴി, ആട് തുടങ്ങി ധാരാളം വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയില്‍ സംരക്ഷിക്കുന്നുണ്ടെന്നും
നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ പുതിയതായി ആരംഭിച്ച താറാവ് ഫാം ഉദ്ഘാടനം ചെയ്ത് ജയില്‍ മേധാവി പറഞ്ഞു.
ജയിലിനുള്ളില്‍ ചില തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തുറന്ന ജയിലില്‍ തടവുകാര്‍ക്ക് അല്‍പ്പം സ്വാതന്ത്ര്യ കൂടുതലുണ്ട്. ഇത് ദുര്‍വിനിയോഗം ചെയ്താല്‍ തുറന്ന ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.