മദ്യ നയം: തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും
മദ്യനയം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി യോഗത്തിന് മുന്നോടിയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നിലവാരമുള്ള ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായോ ത്രീ സ്റ്റാറുകളെ കൂടി ഉള്‍പ്പെടുത്തിയോ മദ്യ നയം പരിഷ്‌കരിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നതെന്നാണ് സൂചന. എന്നാല്‍ മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ മതമേലദ്ധ്യക്ഷന്‍മാരടക്കം എതിര്‍ക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സെക്രട്ടേറിയറ്റ് യോഗം വിശദമായി ചര്‍ച്ച ചെയ്യും.
ആര്‍.എസ്.എസുമായി വേദി പങ്കിട്ട ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ വിഷയവും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും. അരുണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും നടപടി തെറ്റാണെന്നും നേരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കെ.യു അരുണനെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.









