താടിയിലൂടെ ജീവകാരുണ്യ രംഗത്തേയ്ക്ക്: കേരളത്തില്‍ താടിക്കാര്‍ക്ക് മാത്രമായൊരു സംഘടന നിലവില്‍ വന്നു

കൊച്ചി: ഓരോ കാലഘട്ടത്തതിലും ട്രെന്‍ഡ് സെറ്റ് ചെയ്യുന്നതില്‍ മുടിയും, താടിയും മീശയുമൊക്കെ വലിയ പങ്കുവഹിച്ചട്ടുണ്ട്. താടി വളര്‍ത്തുന്നത് നിരാശകൊണ്ടാണെന്നും, ജോലിയല്ലാത്തവന്റെ ലക്ഷണമാണെന്നും, താടിക്കാരന്റെ കൂടെ പോകുന്ന ‘മകന്റെ പോക്ക് അത്രയ്ക്ക് ശരിയല്ലാട്ടാ’ എന്നും പറയുന്ന ആ കാലഘട്ടം കഴിഞ്ഞു. ‘താടി’ ഇപ്പോള്‍ മാസാണ്. വെറും മാസല്ല. മരണ മാസ്!

നിങ്ങളുടെ താടി കണ്ട് ‘ഒരു ബ്ലേഡ് വാങ്ങി തരട്ടെ സഹോദരാ’ എന്ന് ചോദിക്കുന്നവരോട്, താടി വെറും ലുക്കിനല്ല ബ്രോ എന്ന് പറയുകയാണ് കൊച്ചിയിലെ ഈ യുവത്വം. കഴിഞ്ഞ മെയ് മാസം 25ന് കേരള ബിയേര്‍ഡ് ക്ലബ് എന്നൊരു സംഘടന താടിക്കാര്‍ക്കു മാത്രമായി നിലവില്‍ വന്നു. ഈ ക്ലബില്‍ ജാതിയോ, മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെയാണ് അംഗങ്ങളെ ചേര്‍ത്തിരിക്കുന്നത്. അതേസമയം താടിക്കാരേയും, താടിയേയും സ്‌നേഹിക്കുന്നവര്‍ക്കും സംഘടനയുടെ ഭാഗമാകാമെന്ന് ഭാരവാഹികള്‍ പറയുന്നു.

താടി ഒരു സംഭവമാണെന്നും മാസാണെന്നുമൊക്കെ പറയുമെങ്കിലും, താടിയുള്ള ചെറുപ്പക്കാര്‍ ഒത്തു ചേര്‍ന്നത് നല്ല കാര്യങ്ങളും, ജീവ കാരുണ്യ പ്രവര്‍ത്തങ്ങളും ചെയ്യാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കൂട്ടായ്മ രൂപീകരിച്ചതെന്നാണ് യുവാക്കളുടെ പ്രഖ്യാപനം. താടിയോടൊപ്പം സൗഹൃദവും, സേവനവും കൂടുതല്‍ വ്യാപിപ്പിക്കാന്‍ അടുത്ത താടി സംഗമം ജൂണ്‍ 11ന് (ഞായര്‍) ചെറായി ബീച്ചില്‍ നടക്കും. താല്പര്യമുള്ളവര്‍ക്ക് ക്ലബില്‍ അംഗത്വം ലഭിക്കും. വിവരങ്ങള്‍ക്ക്: ഷോഭിത് (8891777776), ഡിച്ചു (7034070767)