യൂണിഫോം വിവാദത്തിനു വിരാമം: ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍ കുട്ടികള്‍ക്ക് പുതിയ ഓവര്‍ കോട്ട്
കോട്ടയം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലെ യൂണിഫോം വിവാദത്തിനു വിരാമമായി. യൂണിഫോമിന്റെ ഭാഗമായുള്ള ഓവര്‍ കോട്ട് മാറ്റാന്‍ ഇന്നു ചേര്‍ന്ന പി.ടി.എ. എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍ കുട്ടികള്‍ക്കായി പുതിയ ഓവര്‍ കോട്ട് നല്‍കാനും എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായി.
ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിലിട്ട ചിത്രമാണ് വിവാദം സൃഷ്ടിച്ചത്. ‘ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക പ്രതികരിക്കുക’എന്ന കുറിപ്പോടെയായിരുന്നു സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ വിശദികരണവുമായെത്തി.
സ്‌കൂളിലെ രക്ഷാകര്‍ത്താക്കളുടെ സംഘടനയായ പി.ടി.എയുടെ അറിവോടെയും സമ്മതത്തോടെയുമാണ് യൂണിഫോം ഡിസൈന്‍ ചെയ്തതെന്ന് അധികൃതര്‍ വിശദീകരണം നല്‍കിയിരുന്നു. യഥാര്‍ത്ഥ യൂണിഫോമും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവയും തമ്മില്‍ വ്യത്യാസമുണ്ട്. സ്‌കൂളിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വള്‍ഗറായി ഫോട്ടോഷോപ്പ് ചെയ്ത യൂണിഫോം അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിന്റേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഇതിനോടകം പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. യൂണിഫോമിനെ സംബന്ധിച്ച് വിവരങ്ങള്‍ കൃത്യമായി ശേഖരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പി.ടി.എയെ നിയോഗിച്ചതായും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.