വീരുവിന്റെ വികൃതികള്‍

കളിക്കളത്തിനകത്തും പുറത്തും രസികനാണ് വീരേന്ദര്‍ സേവാഗ്. സിക്‌സറടിച്ച് ട്രിപ്പിള്‍ സെഞ്ചുറി നേടിയപ്പോഴും പാട്ടും പാടി ബ്രെറ്റ്‌ലീയെ ഗ്രൗണ്ടിന് പുറത്തേക്ക് പറത്തിയപ്പോഴും കണ്ട ചങ്കുറപ്പും തമാശകളും ഒട്ടും കുറയുന്നില്ല കളത്തിനു പുറത്ത് കളിപറയാന്‍ എത്തിയപ്പോഴും.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിടെ രസകരമായൊരു ഫോട്ടോ ട്വീറ്റ് ചെയ്തതാണ് പുതിയ സംഭവം. സോഫയില്‍ ഉറങ്ങുന്ന ഷെയ്ന്‍ വോണിന്റെയും തറയില്‍ മയങ്ങുന്ന സൗരവ് ഗാംഗുലിയുടെയും ചിത്രങ്ങളോടൊപ്പം ഒരാളുടെ സ്വപ്നങ്ങളാണ് അയാളുടെ ഭാവിയെ നിര്‍ണയിക്കുന്നതെന്നും ഈ ഇതിഹാസങ്ങള്‍ സമയമൊട്ടും കളയാതെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുകയാണെന്നുമാണ് വീരു ട്വീറ്റ് ചെയ്തത്.

ചാമ്പ്യന്‍സ് ട്രോഫിയിലെ കമന്റേറ്ററായി ലണ്ടനിലെത്തിയ വീരു സഹ കമന്റേറ്റര്‍മാര്‍ വിശ്രമിക്കുന്ന വേളയിലാണ് അവരറിയാതെ ചിത്രങ്ങള്‍ പകര്‍ത്തി ചിരിമാലക്ക് തീ കൊളുത്തിയത്.