യെച്ചൂരിയുടെ സ്ഥാനര്‍ത്ഥിത്വത്തില്‍ പിബിയില്‍ തീരുമാനമായില്ല വിഷയം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും

സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ സി.പി.എം. പോളിറ്റ് ബ്യൂറോയ്ക്ക് തീരുമാനമെടുക്കാനായില്ല. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിട്ടു. യെച്ചൂരിയെ മല്‍സരിപ്പിക്കുന്നതിനെ പി.ബിയില്‍ ശക്തമായി എതിര്‍ത്തു കേരളാ ഘടകം. അടുത്തു ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യും.

സി.പി.എം. കീഴ്‌വഴക്കമനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെമ്പറെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാറില്ല. ജനറല്‍ സെക്രട്ടറി മല്‍സരിക്കുന്ന പതിവും പാര്‍ട്ടിയിലില്ല. ഇത് ലംഘിക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ ശക്തമായ വാദം. എന്നാല്‍ യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കണമെന്ന ശക്തമായ നിലപാടാണ് ബംഗാള്‍ ഘടകത്തിനുള്ളത്. യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സി.പി.എമ്മിന് പ്രാതിനിധ്യം നഷ്ടമാകും.