‘ഹര്‍ത്താല്‍’ ഈ പദത്തെക്കുറിച്ചറിയുമോ ?… കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് രാഷ്ട്രീയ പ്രഹസനം, ജനങ്ങളെ പരീക്ഷിച്ച് മുന്നണികള്‍

എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്ന ഒരു നാടായി കേരളം മാറിയതോടു കൂടിയായിരുന്നു കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അത് പാസാക്കാനായില്ല കാരണം ഇത് കേരളമാണ്. ഒരു കാര്യമറിയാമോ?.. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഗുജറാത്തി ഭാഷയില്‍ പ്രതിഷേധ സൂചകമായി ഉപയോഗിച്ച വാക്കാണ് ഹര്‍ത്താല്‍. അത് തികച്ചും സമാധാനപരമായി പ്രകടിപ്പിച്ചിരുന്ന ഒരു പ്രതിഷേധ പ്രകടനമാണ്. എന്നാല്‍ ഇന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും രാഷ്ട്രത്തിനും ജീവനും സ്വത്തിനും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തുന്ന ഒരു വലിയ വിപത്തായി ഇത് മാറിയിരിക്കുന്നു.

കഴിഞ്ഞ വ്യഴം തിരുവനന്തപുരം ജില്ലയില്‍ ബി.ജെ.പി. ഹര്‍ത്താല്‍ നടത്തി ജനങ്ങളോടുള്ള കൂറു കാണിച്ചു. എന്നാല്‍ അതേ കൂറ് വെള്ളിയാഴ്ച്ച കോഴിക്കോട്ടെ ജനങ്ങളോട് സി.പി.എം. കാണിച്ചു. ഇനി ശനിയാഴ്ച്ചയും കോഴിക്കോട്ടുകാര്‍ക്ക് ബി.ജെ.പി. സ്‌നേഹത്തിന്റെ ഭാഗമായി വീട്ടിലിരിക്കാം. ഞായര്‍ അവധി, തിങ്കളാഴ്ച്ച യുഡിഎഫും തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങളില്‍ എല്ലാ ഈര്‍ക്കിള്‍ പാര്‍ട്ടികളും ആഹ്വാനം നല്‍ണം ഒരോ ഹര്‍ത്താലിന്.

ഹര്‍ത്താല്‍ കാരണം മാത്രം പ്രതിവര്‍ഷം മൂന്നുകോടിയോളം ജനങ്ങളാണ് ഒരു പണിയും ചെയ്യാതെ വീട്ടില്‍ കഴിച്ചുകൂട്ടേണ്ടിവരുന്നത്. പക്ഷെ, ഇതില്‍ ബഹുഭൂരിപക്ഷം ആളുകളും ഹര്‍ത്താലിനെ അനുകൂലിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യുന്നത്, മറിച്ചൊന്നും ചെയ്യാനാവാത്തതുകൊണ്ടു മാത്രമാണെന്നോര്‍ക്കണം.

സ്വപ്നം കണ്ട ജോലിക്കായി പലയിടങ്ങളിലേയ്ക്കും സഞ്ചരിക്കേണ്ടി വരുന്നവര്‍, നിത്യച്ചെലവിനായി പണിക്കു പോകേണ്ടവര്‍, സര്‍ക്കാര്‍ സംവിധാനം ഉപയോഗപെടുത്തേണ്ടവര്‍, അസുഖ ബാധിതര്‍ തുടങ്ങി സമൂഹത്തില്‍ വലിയൊരു വിഭാഗവും ഹര്‍ത്താല്‍ കൊണ്ട് ബുദ്ധിമുട്ടനഭവിക്കുന്നവരാണ്. ഇതിലെല്ലാം ഉപരി ഒരു ദിവസം സര്‍ക്കാരിന് ഇതുകൊണ്ടുണ്ടാകുന്ന വരുമാന നഷ്ടം എത്രയാണ്.

അതുകൊണ്ടുതന്നെ ഹര്‍ത്താല്‍ ഒരു ന്യൂന വിഭാഗം, മറ്റൊരു വലിയ വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുന്ന പീഡനങ്ങളും ജനാധിപത്യ ധ്വംസനവുമാണ്. ബന്ദ് കോടതി വിധിയിലൂടെ നിരോധിക്കപ്പെട്ടുവെങ്കിലും, ഹര്‍ത്താല്‍ എന്ന പേരില്‍ അതേ പ്രവര്‍ത്തനക്കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ശരിയാണ് സ്വതന്ത്ര ഇന്ത്യയില്‍ എല്ലാവര്‍ക്കും പ്രതിഷേധിക്കാനും പ്രതികരിക്കാനും അവകാശമുണ്ട്. എന്നാല്‍ മറ്റൊരു വിഭാഗത്തിന്റെ സ്വതന്ത്രമായ വിഹാരം തടഞ്ഞു നിര്‍ത്താന്‍ എന്ത് അധികാരമാണ് ഇക്കൂട്ടര്‍ക്കുള്ളത് എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സമരങ്ങള്‍ നാടിന്റെ നന്മയ്ക്കുള്ളതാവണം. അല്ലാതെ രാഷ് ട്രീയ വൈര്യം തീക്കാന്‍ മാത്രമുള്ളതായി അത് മാറരുത്. ഈ ഹര്‍ത്താല്‍ മലയാളി സഹിക്കുന്നത് ഗതികേടു കൊണ്ടാണ്. അല്ലാതെ ഇഷ്ടക്കുടുതല്‍ കൊണ്ടല്ല എന്ന് സുഖലോലുപതയില്‍ ഇരുന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ മനസിലാക്കണം.