മയക്കുമരുന്ന് കടത്ത് ; ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ പ്രമുഖ ബോളിവുഡ് നടിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ബോളിവുഡിന്റെ ചൂടന്‍ താരമായിരുന്ന മമതാ കുല്‍ക്കര്‍ണിയെയാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. മയക്കുമരുന്നു കടത്ത് കേസിലാണ് മംമ്ത കുല്‍ക്കര്‍ണിയേയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയേയും താനെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. സോളാപൂരില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ കേസിലാണ് മംമ്തയും ഭര്‍ത്താവും പ്രതികള്‍. നിരവധി തവണ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇരുവരും ഹാജരായിരുന്നില്ല. ഭര്‍ത്താവിനൊപ്പം കെനിയയിലാണ് മംമ്ത ഇപ്പോള്‍ എന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കള്ളക്കടത്ത് കേസില്‍ നടിയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. യുഎസ് ലഹരി വിരുദ്ധ ഏജന്‍സിയും മൊംബാസ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അതേസമയം വിക്കി ഗോസ്വാമി 1997ല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്. 15 വര്‍ഷമാണ് ജയിലില്‍ കിടന്നത്. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.