വധുവിന്‍റെ വിവാഹവസ്ത്രത്തിന്‍റെ വില മാത്രം 1.85 കോടി രൂപ ; 15 കോടി രൂപയ്ക്ക് ചെന്നൈയില്‍ ഒരു ആഡംബരവിവാഹം

ചെന്നൈ : വിവാഹവേദികള്‍ എപ്പോള്‍ പണക്കൊഴുപ്പിന്റെ ഇടങ്ങളായി മാറിക്കഴിഞ്ഞു. തങ്ങളുടെ കയ്യിലെ കാശിന്റെ വില നാട്ടുകാരെ അറിയിക്കുവാന്‍ വേണ്ടി പണമുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്ന് കൊട്ടാരം പോലുള്ള വീടുകള്‍ വെക്കുക എന്നതും രണ്ട് രാജകീയമായ രീതിയില്‍ മക്കളുടെ കല്യാണം നടത്തുക എന്നതുമാണ്. അടുത്തകാലത്ത് ഇന്ത്യകണ്ട ഏറ്റവുംവലിയ ആഡംബര വിവാഹം നടന്നത് ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയുടെ മകളുടെ വിവാഹമായിരുന്നു. 500 കോടി ചിലവിട്ടായിരുന്നു ആഡംബര വിവാഹം നടന്നത് എന്ന് പറയപ്പെടുന്നു.

കര്‍ണാടകയിലെ ആ ആഡംബര വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ ചെന്നൈയിലും പണമെറിഞ്ഞ് ഒരു വമ്പന്‍ കല്യാണം നടന്നിരിക്കുന്നു. പ്രശസ്ത വ്യാപാര്യ ഗ്രൂപ്പ് ആയ ശരവണഭവന്‍ മുതലാളി അരുണ്‍ ശരവണന്റെ മകളുടെ വിവാഹമാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്. സിനിമാ രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ എത്തിയ കല്യാണത്തില്‍ വധുവിന്റെ വസ്ത്രത്തിന് മാത്രം ചിലവായത് 1.85 കോടി രൂപയാണ്. പൂര്‍ണമായും സ്വര്‍ണത്തില്‍ തീര്‍ത്ത വിവാഹ വേഷത്തിലെ അമൂല്യമായ ഡയമണ്ടുകളും തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. വരനും കിട്ടിയിട്ടുണ്ട് അമ്മായി അച്ഛന്റെ വക കോടികളുടെ സമ്മാനം. റോള്‍സ് റോയ്‌സ് കാറാണ് വരനുള്ള സമ്മാനം. വിവാഹ ദിനത്തിന് ഒരാഴ്ച മുന്‍പ് തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. കൂടാതെ ആളൊന്നിന് ആറായിരം രൂപ വില വരുന്ന ഭക്ഷണമാണ് വിവാഹത്തിന് വിളമ്പിയത്. 15 കോടിക്ക് മുകളിലാണ് ചിലവ് എന്നും പറയപ്പെടുന്നു.