ബാങ്ക് ഉപഭോക്താക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ബാങ്കിംഗ് എന്നത് നമുക്ക് ഇന്ന് അനിവാര്യ ഘടകമായി മാറിക്കഴിഞ്ഞു. നാട്ടിലുടനീളം സ്വകാര്യവും സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍ക്കാര്‍ ഉടമസ്ഥതയിലും ഉള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങിവരികയാണ്. പരമാവധി ഇടങ്ങളില്‍ ശാഖകള്‍ സ്ഥാപിച്ച് ഇടപാടുകള്‍ തങ്ങളിലേയ്ക്ക് എത്തിക്കാനാണ് എല്ലാ ബാങ്കുകളും ശ്രമിച്ചു വരുന്നത്.

ഇടപാടുകാര്‍ പണം ഇടുകയും ലോണ്‍ എടുക്കുകയും ചെയ്യുന്നതു കൊണ്ടാണ് ബാങ്കുകളുടെ നില നില്‍പ്പ് സാധ്യമാകുന്നത്.

ബാങ്കുകളോടുള്ള വിശ്വാസം :

നമുക്ക് എതെങ്കിലും ഒരു ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപാ ലോണ്‍ എടുക്കണമെന്ന് കരുതുക. ലോണ്‍ ലഭിക്കുന്നതിനായി അതിലേറെ മൂല്യമുള്ള വസ്തു, സ്വര്‍ണ്ണം അതുമല്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ സാലറി സര്‍ട്ടിഫിക്കേറ്റ് തുടങ്ങിയവ സമര്‍പ്പിക്കണം. പിന്നെ എഗ്രിമെന്റില്‍ നിരവധി ഒപ്പുകള്‍ നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. അതു ബാങ്കിന്റെ കീഴിലുള്ള ആളുകള്‍ നമ്മുടെ ചിലവില്‍ യഥാര്‍ത്ഥമാണോയെന്നു പരിശോധിച്ച ശേഷം വിവിധ നടപടികള്‍ക്കു ശേഷമേ നമുക്ക് ലോണ്‍ കിട്ടുകയുള്ളൂ.

എന്നാല്‍ നമുക്ക് ഒരു ലക്ഷം രൂപാ ഡിപ്പോസിറ്റ് ചെയ്യണമെന്നു വിചാരിക്കുക. പണവുമായി കൗണ്ടറില്‍ എത്തി അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ശേഷം ഡിപ്പോസിറ്റാക്കാന്‍ പറഞ്ഞാല്‍ പത്തു മിനിറ്റിനുള്ളില്‍ ഡിപ്പോസിറ്റ് രസീത് നല്‍കും. അതില്‍ ബാങ്കിന്റെ സീല്‍ ഉണ്ടായിരിക്കുക പോലും ഇല്ല. എങ്കിലും നാം വിശ്വാസപൂര്‍വ്വം മടങ്ങും. അതാണ് ബാങ്കിനോടുള്ള വിശ്വാസം.

ബാങ്കുകാരെ കണ്ണടച്ചു വിശ്വസിക്കരുത് :

എന്നാല്‍ ബാങ്കുകളെയോ ബാങ്ക് ജീവനക്കാരെയോ അങ്ങനെ കണ്ണുമടച്ചു വിശ്വസിക്കാന്‍ വരട്ടെ. അങ്ങനെ കണ്ണുമടച്ച് വിശ്വസിച്ചതിന്റെ ദുരിതമനുഭവിക്കുകയാണ് പാലാ സ്വദേശിയായ കരുണാ ആയുര്‍വേദആശുപത്രി ഉടമ ഡോ.സതീഷ് ബാബു.

ഡോ.സതീഷ് ബാബുവിന്റെ ദുരനുഭവം

ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു ദിവസം വൈകിട്ട് ഡോ.സതീഷ് ബാബു എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹം പാലായിലെ എസ്ബിഐ ശാഖയില്‍ നിന്നും ലോണ്‍ എടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു അത്. 2005ല്‍ അദ്ദേഹം ഡോക്ടര്‍ പ്ലസ് എന്ന സ്‌കീമിലൂടെ ഒരു ലോണ്‍ എടുത്തിരുന്നുവെന്നും കൃത്യമായി ഒരു തവണ പോലും മുടക്കം കൂടാതെ അടച്ചു വന്നിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ 2015ല്‍ കാലാവധി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. എകദേശം അഞ്ചു ലക്ഷത്തിലേറെ രൂപാ കുടിശ്ശിഖ ഉണ്ടെന്നും ആയത് അടയ്ക്കണമെന്നും പറഞ്ഞ് ബാങ്കില്‍നിന്നും വിളിച്ചുപറഞ്ഞുവെന്നും ഡോക്ടര്‍ എന്നോട് പറഞ്ഞു. കാര്യങ്ങള്‍ ഞാന്‍ വിശദമായി ഡോക്ടറോട് ചോദിച്ചു. കുടിശ്ശിഖ പണം അടയ്ക്കാന്‍ ബാങ്കുകാര്‍ നിര്‍ബന്ധിക്കുകയാണെന്നും പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ കാര്‍ഷിക ലോണ്‍ ആയി അടയ്ക്കാനുള്ള തുക ബാങ്ക് നല്‍കാമെന്നു പറഞ്ഞിരുന്നതായും ഡോക്ടര്‍ പറഞ്ഞു. കൂടാതെ ബാങ്കിന്റെ റീജിയണല്‍, സോണ്‍ തലത്തിലുള്ള ഉദ്യോഗസ്ഥരും ഡോക്ടറുടെ വീട്ടിലെത്തി തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും കുടിശ്ശിഖ അടയ്ക്കാന്‍ ലോണ്‍ ഉപാധി രഹിതമായി അനുവദിക്കാമെന്ന് പറയുകയും ചെയ്തതില്‍ നിന്നും ബാങ്കിന് വീഴ്ച പറ്റിയിട്ടുണ്ടെന്നു സാമാന്യ ബുദ്ധിയോടെ ചിന്തിച്ചപ്പോള്‍ മനസിലായി. തല്ക്കാലം ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങി ലോണ്‍ അടക്കേണ്ടെന്നും അക്കൗണ്ട് വിശദമായി പഠിച്ചശേഷം ബാക്കിക്കാര്യം ആലോചിക്കാമെന്നും ഞാന്‍ ഡോക്ടറോട് പറഞ്ഞു. ഇതു പ്രകാരം ഡോക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് മറുപടിയും നല്‍കി.

പിറ്റേന്ന് ഡോക്ടറുമായി നേരില്‍ കണ്ടു. ഡോക്ടു ടെ പേരില്‍ ഡോക്ടര്‍ പ്ലസ്, ക്രെഡിറ്റ്, ഭവന വായ്പ എന്നിങ്ങനെ മൂന്നു അക്കൗണ്ടുകളാണ് പാലാ എസ്ബിഐയില്‍ ഉള്ളത്. ഇവ മൂന്നിന്റെയും പൂര്‍ണ്ണമായ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ ഡോക്ടറോട് പറഞ്ഞു. അതു പ്രകാരം സ്റ്റേറ്റ്‌മെന്റ് എടുത്തു വിശദമായി പരിശോധിച്ചപ്പോള്‍ വന്‍ പിഴവുകള്‍ ബാങ്കിന്റെ ഭാഗത്തു നിന്നും ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞു. ബാങ്കുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം മാസ തവണ ഡോക്ടറുടെ അക്കൗണ്ടില്‍ നിന്നും എടുക്കാന്‍ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷന്‍ ഡോക്ടര്‍ ബാങ്കിനു നല്‍കിയിരുന്നു. ഇതു പ്രകാരം കൃത്യമായി പണം അക്കൗണ്ടില്‍നിന്നും ബാങ്ക് എടുത്തിരുന്നു.

ബാങ്ക് പലിശ വര്‍ദ്ധിപ്പിച്ചപ്പോള്‍ വര്‍ദ്ധനവ് വരുത്തിയ തുക ഡോക്ടര്‍ കൊടുത്തിരുന്നില്ലെന്ന മുട്ടായുക്തിയാണ് ആദ്യം കുടിശ്ശിഖയ്ക്കായി ഡോക്ടറോട് പറഞ്ഞത്. പലിശ നിരക്ക് ഉയര്‍ത്തിയ വിവരം ഡോക്ടറെ ബാങ്ക് അറിയിച്ചിരുന്നില്ല. മാത്രവുമല്ല, ഉയര്‍ത്തിയ തുകയേക്കാള്‍ കുറഞ്ഞ തുക ബാങ്ക് കാലയളവ് അവസാനിക്കും വരെ എടുത്തിരുന്നു. എന്തുകൊണ്ട് കുറഞ്ഞ തുക ലഭിച്ച ആദ്യ തവണ തന്നെ അക്കാര്യം തിരുത്തിയിരുന്നില്ല എന്ന ചോദ്യത്തിനു ബാങ്കിനു മറുപടി ഉണ്ടായിട്ടില്ല.(ഇപ്പോള്‍ ഭവന വായ്പ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. എത്ര ബാങ്കുകള്‍ ഈ കുറവ് ഉപഭോക്കാക്കള്‍ക്ക് നല്‍കിയെന്ന് വായ്പ എടുത്തിട്ടുള്ളവര്‍ പരിശോധിക്കണം). ബാങ്കിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചു എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഡോക്ടറോട് സമ്മതിച്ചതിനു ഞാനും സാക്ഷിയാണ്.

ഡോക്ടറുടെ അക്കൗണ്ടില്‍ പണമുണ്ടായിട്ടും പല തവണ സുന്ദരം ഫിനാന്‍സിലേയ്ക്കുള്ള ചെക്ക് പണമില്ലെന്ന കാരണം പറഞ്ഞു മടക്കിയിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ബാങ്കില്‍ കാഴ്ചശക്തി കുറവുള്ള ഒരാള്‍ ഉണ്ടെന്നും അബദ്ധം പറ്റിയതാണെന്നും ബാങ്കുകാര്‍ പറഞ്ഞു. മാനുഷിക പരിഗണനയുടെ പേരില്‍ അന്ന് ഡോക്ടര്‍ പരാതി വേണ്ടെന്നു വച്ചിരുന്നു.

മകന്‍ അമലിന്റെ പേരില്‍ എടുത്ത കാര്‍ വായ്പയുടെ ഗ്യാരണ്ടീയര്‍ ഡോക്ടര്‍ ആയിരുന്നു. ഇരുവരുടെയും അക്കൗണ്ടില്‍ നിന്നും ഒരേ സമയം തവണ തുക എടുത്താണ് ബാങ്ക് കാര്യക്ഷമത കാട്ടിയത്. ബാങ്കിന് രേഖാമൂലം നല്‍കിയ അപേക്ഷകള്‍ക്ക് ഭൂരിഭാഗത്തിനും മറുപടി നല്‍കാതെ പരിസ്ഥിതി സംരക്ഷണ മാര്‍ഗ്ഗം ബാങ്ക് സ്വീകരിച്ചു.

ഡോക്ടറുടെ പേരില്‍ ഉള്ള മൂന്ന് അക്കൗണ്ടുകളുടെ സ്ഥിതിവിവരം ഇങ്ങനെയാണ്. ഡോക്ടര്‍ പ്ലസ് അക്കൗണ്ട് ബാങ്കുകാരുടെ കണക്കില്‍ കുടിശ്ശിഖയിലാണ്. എന്നാല്‍ തവണ തുക 116 തവണ കൃത്യമായി അടച്ചിട്ടുണ്ട്. ക്രെഡിറ്റ് അക്കൗണ്ട് പരിധി മൂന്നു ലക്ഷം രൂപയാണ്.അതില്‍ മൂന്നു ലക്ഷത്തിലധികം രൂപയുണ്ട്. ഭവന വായ്പ കൃത്യമായി അടച്ചു വരുന്നു. കഴിഞ്ഞ മാസത്തെ തവണ തുകയും ബാങ്ക് എടുത്തിട്ടുണ്ട്. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ ഇപ്പോള്‍ ഫ്രീസ് ചെയ്തു ഡോക്ടറെ ബാധ്യതക്കാരന്‍ എന്നാക്കി അപമാനിച്ചിരിക്കയാണ്.

ബാങ്ക് കണക്ക് പ്രകാരം 18 ലക്ഷത്തിപരം രൂപയാണ് ബാങ്കിനു ലഭിക്കാനുള്ളതെന്നാണ് അവര്‍ പറയുന്നത്. അതില്‍ 2020ല്‍ അടവു പൂര്‍ത്തീകരിക്കേണ്ട ഭവന വായ്പയും ഉള്‍പ്പെടും. ആയുര്‍വേദാശുപത്രി അടക്കം 2 കോടിയില്‍പരം രൂപയുടെ ആസ്തിയുള്ള സ്ഥലമാണ് ഈടായി നല്‍കിയിട്ടുള്ളത്.

മറ്റൊരു രസകരമായ സംഗതി ഉണ്ട്. ഡോക്ടര്‍ക്കെതിരെ ബാങ്ക് ബാങ്കിംഗ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയിട്ടുണ്ട്. അതില്‍ ബാങ്ക് സമര്‍പ്പിച്ചിട്ടുള്ള അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും ഡോക്ടര്‍ക്ക് ബാങ്ക് സര്‍ട്ടിഫൈ ചെയ്തു നല്‍കിയ സ്റ്റേറ്റുമെന്റും വ്യത്യസ്തമാന്നെന്നുള്ളതാണ്. ട്രൈബ്യൂണലില്‍ പരാതി നിലനില്‍ക്കെ ബാങ്ക് ഡോക്ടര്‍ക്കെതിരെ പത്ര പരസ്യവും നല്‍കിക്കഴിഞ്ഞു.

ഈ വിഷയത്തില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഡോക്ടര്‍ സമരത്തിന്റെ പാതയിലാണ്. ബാങ്കുകാരുടെ ദുഷ്‌ചെയ്തികള്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളുടെ പ്രതിനിധിയാണ് ഡോ.സതീഷ് ബാബു.

ബാങ്കുകളുടെ മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെ ഡോക്ടര്‍ക്കൊപ്പം മഹാത്മാഗാന്ധി നാഷണല്‍ ഫൗണേഷനും ബാങ്ക് ആന്റ് ഫിനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും അണിചേരുകയാണ്.

ഉപഭോക്താവേ ഉണരൂ… ഈ പോരാട്ടത്തിന്റെ ഭാഗമാകൂ… പുറംതിരിഞ്ഞു നില്‍ക്കരുത്… നാളെ ഏതെങ്കിലും ബാങ്കിന്റെ ഇര നിങ്ങളാവും… അതിന് ഇടവരുത്തുത്…. ബാങ്കിന്റെ തെറ്റായ നടപടികള്‍ക്കെതിരെ അണിചേരൂ… ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

(NB: ബാങ്ക് അക്കൗണ്ട് പ്രത്യേകിച്ച് ലോണ്‍ ഉള്ളവര്‍ ബാങ്കുകളില്‍ ചെന്ന് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് എടുക്കുക. അതില്‍ ബാങ്ക് നമ്മളറിയാതെ പണം എടുത്തുട്ടുണ്ടോ എന്ന് കണ്ടെത്തുക. മടിക്കരുത്. നിങ്ങളുടെ അധ്വാനത്തിന്റെ ഫലം വെറുതെ പാഴാക്കരുത്. ഒരു ബാങ്കും ഒരു ചില്ലിക്കാശ് വെറുതെ തരില്ല. ഉദാഹരണത്തിന്: നിങ്ങളുടെ അക്കൗണ്ടില്‍ ആയിരം രൂപാ ഉണ്ടെന്നു കരുതുക. ആയിരം രൂപാ ഇരുപത്തിയഞ്ച് പൈസാ യുടെ ചെക്ക് കൊടുത്താല്‍ ബാങ്ക് പാസാക്കില്ല. ബാങ്കുകള്‍ പറയുന്ന മുഴുവന്‍ രേഖകളും സമര്‍പ്പിക്കാതെ ഒരു ലോണും പാസ്സായ ചരിത്രമില്ല.)
പൊതുജന താത്പര്യാര്‍ത്ഥം

എബി ജെ.ജോസ്
ചെയര്‍മാന്‍
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍
കൊട്ടാരമറ്റം, പാലാ 686575
ഫോണ്‍: 9447702117