സ്രാവുകള്‍ക്കിടയിലേയ്ക്ക് വീണ്ടും ജേക്കബ് തോമസ് എത്തുന്നു; പദവി സംബന്ധിച്ച് സൂചനകളില്ല
തിരുവനന്തപുരം: അവധിയില്‍ പ്രവേശിച്ച ഡി.ജി.പി. ജേക്കബ് തോമസ് തിരികെ എത്തുന്നു. ഈമാസം 19നു റിപ്പോര്‍ട്ട് ചെയ്യാനാണു തീരുമാനം. എന്നാല്‍ ഏതു പദവി നല്‍കുമെന്നതു സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ജേക്കബ് തോമസ് അവധിക്കു പ്രവേശിച്ചതിനു പിന്നാലെ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കി സര്‍ക്കാര്‍ ഉത്തരവിറക്കകയും ചെയ്തിരുന്നു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് ടി.പി. സെന്‍കുമാറിനെ വീണ്ടും പൊലീസ് മേധാവിയായി നിയമിച്ചതിനു പിന്നാലെയായിരുന്നു ഉത്തരവ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണു ജേക്കബ് തോമസ് ഏപ്രില്‍ ഒന്നിനു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ അവധി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്നു വീണ്ടും ഒരു മാസത്തേക്കു കൂടി അവധി ദീര്‍ഘിപ്പിച്ചു. വീണ്ടും കുറച്ചു കൂടി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 17 ദിവസം കൂടി അവധി നീട്ടുകയായിരുന്നു. അതിന്റെ കാലാവധി അവസാനിക്കുന്നതോടെയാണു ജേക്കബ് തോമസ് തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നത്.