കുഞ്ഞ് ആലോചനയിലാണ് ശല്യപ്പെടുത്തരുത്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിത്രം

 

അമ്മ ചിരിക്കും കുഞ്ഞ് കരയും എന്നാണല്ലോ പറയാറ്. അതെ ജനിച്ചയുടനെ കരഞ്ഞ വിളിച്ചാണ് കുട്ടികള്‍ തങ്ങള്‍ ഈ ലോകത്തെത്തിയത് അറിയിക്കാറ് അല്ലേ. എന്നാല്‍ അതിനെ പൊളിക്കുന്ന വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആശുപത്രിയിലെ കട്ടിലില്‍ രണ്ടുകൈയും തലയ്ക്ക് പിന്നില്‍ വെച്ച് എന്തോ കാര്യമായ ആലോചനയില്‍ മുഴുകി കിടക്കുന്ന ഒരു നവജാതശിശുവാണ് ഇപ്പോള്‍ ട്വിറ്ററില്‍ തരംഗമാകുന്നത്.

ചിത്രം ആര് ഷെയര്‍ ചെയ്തതാണെന്നോ ചിത്രത്തിലെ കുഞ്ഞ് ആരുടേതാണെന്നോ വ്യക്തമാകുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. രജനികാന്ത് ജനിച്ചയുടന്‍ ഉള്ള ചിത്രം, അച്ഛേ ദിന്‍ കാത്തിരിക്കുന്ന കുഞ്ഞുവാവ, പിറന്ന് വീണയുടന്‍ ഇവന്‍ എന്‍ജിനീയറകുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, ജനറല്‍ ക്യാറ്റഗറിയില്‍ പിറന്ന് കുഞ്ഞുവാവ എന്നിങ്ങനെയുള്ളതാണ് അടിക്കുറുപ്പുകളും കമന്റുകളും.

എന്നാല്‍ ഈ ചിത്രത്തെ ഇങ്ങനെ ആഘോഷമാക്കരുതെന്നും ചിത്രത്തിലെ കുഞ്ഞ് ഏതോ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നുമാണ് ചിത്രത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നതെന്നും കുട്ടിയുടെ കൈ പിറകിലേക്ക് ആരെങ്കിലും ചേര്‍ത്ത് വെച്ചതായിരിക്കാമെന്നും പ്രതികരിക്കുന്നവരും ഉണ്ട്.