കേരളത്തിലെ ഗാസ സ്ട്രീറ്റ് വിവാദമായി; പക്ഷെ പലസ്തീനിലെ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും വിവാദത്തിനില്ല

കാസര്‍ഗോഡ്: പടന്ന തുരുത്തി ജുമാമസ്ജിദിനരികിലെ ഗാസ റോഡ് വിവാദം സൃഷ്ടിക്കുമ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് പലസ്തീനിലെ റാമല്ലയിലെ പ്രധാന റോഡുകളായ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും.

പലസ്തീനിലെ റാമല്ലയിലെ പ്രധാനപ്പെട്ട ഒരു റോഡിന് ഇന്ത്യാ റോഡ് എന്ന് പേരിട്ടത് രണ്ട് വര്‍ഷം മുന്‍പായിരുന്നു. അന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശന വേളിയിലായിരുന്നു ഇത്. ഷരിയ ഇ അല്‍ഹിന്ദ്(ഇന്ത്യ റോഡ്) എന്നാണ് റാമല്ലെയിലെ പ്രധാന റോഡിന് നാമകരണം ചെയ്തത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പാലസ്തീന്‍ പ്രസിഡന്റായിരുന്ന മഹ്മൂദ് അബ്ബാസുമായിരുന്നു അന്നത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യാ റോഡിന് തൊട്ടടുത്തായി തന്നെയുള്ള മറ്റൊരു റോഡിന്റെ പേര് മഹാത്മാഗാന്ധി റോഡ് എന്നാണ്.

കാസര്‍ഗോട്ടെ തുരുത്തി ജുമാ മസ്ജിദിലേക്കുള്ള റോഡിനായിരുന്നു ഗാസ സ്ട്രീറ്റ് എന്ന് നാമകരണം നല്‍കി ബോര്‍ഡ് സ്ഥാപിച്ചത്. ഗാസാ സ്ട്രീറ്റ് എന്ന് റോഡിന് നാമകരണം ചെയ്തതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതായി ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ജെ.പിയുടെ ജില്ലാ ഘടകവും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇസ്രയേല്‍ ഈജിപ്ത് അതിര്‍ത്തിയിലെ ഗാസ എന്ന പേര് ഇവിടെ ഉപയോഗിച്ചതില്‍ വലിയ വിവാദങ്ങള്‍ അരങ്ങേറി. ഇത്തരത്തിലുള്ള ആരോപണങ്ങളിലൊന്നും കഴമ്പില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. രാജ്യത്തെ ഒരു പ്രധാനപ്പെട്ട റോഡിന് ഇന്ത്യ രാജ്യത്തിന്റേയും അവിടുത്തെ രാഷ്ട്രപിതാവിന്റേയും പേര് നല്‍കിയിട്ടും ഒരു ജനത ഉണ്ടാകാത്ത വിവാദമാണ് കേരളത്തില്‍ ഗാസ നേരിട്ടത് എന്നതാണ് ശ്രദ്ദേയം.