എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ കേരളം ലക്ഷ്യമാക്കി ഐടി നയം: നിക്ഷേപം ആകര്‍ഷിക്കാനും തൊഴില്‍ സൃഷ്ടിക്കാനും സമഗ്ര പദ്ധതി

ആഗോള ഐടി കമ്പനികളെ ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരെ കൂടി ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ കേരളം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന സമഗ്രമായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി തയാറാക്കിയ കരട് നയം നിയമസഭയില്‍ അവതരിപ്പിക്കുകയും പൊതുജനങ്ങളില്‍ നിന്നും വ്യവസായ മേഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്നും അഭിപ്രായങ്ങള്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാതലത്തില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇതുവഴി ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് നയത്തിന് കമ്മിറ്റി അവസാന രൂപം നല്‍കിയത്. ധനകാര്യ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കമ്മിറ്റിയിലെ അംഗങ്ങളും ഐടി സെക്രട്ടറി കണ്‍വീനറുമാണ്.

ഐടി വ്യവസായത്തിന് ഒരു കോടി ചതുശ്ര അടി സ്ഥലം സജ്ജമാക്കാന്‍ നയം ലക്ഷ്യമിടുന്നു. അതുവഴി 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയും. ഐടി പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിന് സഹകരണ മേഖലയുടെയും പ്രവാസികളുടെയും നിക്ഷേപം പ്രയോജനപ്പെടുത്തും. സോഫ്‌റ്റ്വേര്‍ കയറ്റുമതിയില്‍ കേരളത്തിന് സ്ഥിരമായ വളര്‍ച്ച നേടാന്‍ കഴിയണം. ചെറുകിട-ഇടത്തരം ഐടി സംരംഭങ്ങളുടെ ഗുണനിലവാരവും മത്സരക്ഷമതയും വര്‍ധിപ്പിക്കുകയും അന്താരാഷ്ട്ര വിപണിയുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്യണം.

ഇ-ഗവേണന്‍സ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും അവ സാമൂഹിക ഓഡിറ്റിന് വിധേയമാക്കുകയും ചെയ്യും. കേരളത്തിന് 100 ശതമാനം ഇലക്ട്രോണിക് സാക്ഷരത കൈവരിക്കാനും ജീവിതത്തിന്റെ എല്ലാ തുറകളിലും ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ (എസിടി) നേട്ടം പ്രയോജനപ്പെടുത്താനും നയം ലക്ഷ്യമിടുന്നു.

മലയാളത്തിലുള്ള കമ്പ്യുട്ടിങ്ങില്‍ ഗവേഷണത്തിനും വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കും. ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ പുതുതലമുറ വ്യവസായങ്ങളില്‍ ജോലിക്ക് അനുയോജ്യരും നൈപുണ്യമുള്ളവരുമായ യുവാക്കളുടെ ഒരു നിരയെ വാര്‍ത്തെടുക്കും. തിരുവനന്തപുരത്തെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വേര്‍, ഐഐഐടിഎംകെ എന്നിവയെ ഗവേഷണത്തിനും വികസനത്തിനുമുള്ള ഉല്‍കൃഷ്ട കേന്ദ്രങ്ങളായി മാറ്റും. ഐടി അറ്റ് സ്‌കൂളിനെ ശക്തിപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പദ്ധതികള്‍ ഉണ്ടാക്കാന്‍ സ്‌കൂളിന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യും. സൈബര്‍ സെക്യൂരിറ്റി, സ്വകാര്യത, ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കിക്കൊണ്ട് സുരക്ഷിത ഡിജിറ്റല്‍ ജീവിതരീതിക്കുള്ള ചട്ടക്കൂട് ഉണ്ടാക്കും. ആശുപത്രികളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് ഐടി ഉപയോഗിക്കും.

സര്‍ക്കാര്‍ മേഖലയില്‍ സ്വതന്ത്ര സ്രോതസ്സും (ഓപ്പണ്‍ സോഴ്‌സ്) സ്വതന്ത്ര സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കും. കേരളത്തെ ഇലക്ട്രോണിക് ഹബ് ആക്കി മാറ്റുകയും വീട്ടമ്മമാര്‍ക്ക് ഉള്‍പ്പെടെ ഇലക്ട്രോണിക് സാധനങ്ങളുടെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ അവരമൊരുക്കുകയും ചെയ്യും. കെല്‍ട്രോണിനെ ആധുനികവല്‍ക്കരിച്ച് നഷ്ടപ്പെട്ട യശസ്സ് വീണ്ടെടുക്കും. ഐടിയും ബയോടെക്‌നോളജിയും കേന്ദ്രീകരിക്കുന്ന മേഖലകളില്‍ ഗവേഷണ-വികസന സ്ഥാപനങ്ങള്‍ ഉണ്ടാക്കും. കേരളത്തില്‍ നിന്ന് കയറ്റി അയക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കും.

ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ട് പൗരന്മാരെ ശാക്തീകരിക്കുക, അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക, വാണിജ്യം അഭിവൃദ്ധിപ്പെടുത്തുക എന്നീ മൂന്നു മേഖലകളിലാണ് ഐടി നയത്തിന്റെ ഊന്നല്‍. ഐടിയില്‍ സ്ത്രീകള്‍ക്ക് തൊഴിലെടുക്കാന്‍ അനുയോജ്യമായ സൗകര്യവും സാഹചര്യവും സര്‍ക്കാര്‍ സൃഷ്ടിക്കും. സുരക്ഷിതമായ യാത്രാ സൗകര്യം അതിലൊന്നാണ്. മൊബൈല്‍ ഉപകരണങ്ങളിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും.

ഐടി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഇളവുകള്‍ നല്‍കുമെന്ന് നയം പ്രഖ്യാപിക്കുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലെ യൂണിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി, റജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഐടി, ഐടിഇഎസ് കമ്പനികള്‍ക്ക് മൂന്നു ഷിഫ്ടില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കും. എന്നാല്‍, സ്ത്രീകള്‍ക്ക് ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ കമ്പനി സുരക്ഷിത യാത്രാ സൗകര്യം ഒരുക്കണം.

സര്‍ക്കാരിന്റെ മൂന്നു ഐടി പാര്‍ക്കുകളെ സംയോജിപ്പിച്ച് കേരള ഐടി പാര്‍ക്ക്‌സ് എന്ന കുടക്കീഴില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഡിജിറ്റല്‍ കാര്യങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഉപദേശക ബോര്‍ഡ് രൂപീകരിക്കുമെന്നും ഐടി നയത്തില്‍ പറയുന്നു. ഐടി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്ന ചെറുപ്പക്കാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് ഒട്ടേറെ ക്രിയാത്മക നിര്‍ദേശങ്ങള്‍ പുതിയ നയത്തിലുണ്ട്. സ്റ്റാര്‍ട് അപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ പ്രോത്സാഹനം സര്‍ക്കാര്‍ നല്‍കും.