ഇന്ദ്രാണി മുഖര്‍ജിക്ക് പരിക്ക്; സംഭവം പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിക്കു പരിക്കേറ്റു. മുംബൈയിലെ ബൈക്കുള ജയിലില്‍ വച്ചാണ് ഇന്ദ്രാണിക്കു പരിക്കേറ്റത്. ഇന്ദ്രാണിയുടെ കൈക്കാണ് പരിക്കേറ്റതെന്നു ജയില്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

എന്നാല്‍ ഇന്ദ്രാണിക്കു പരിക്കേറ്റത് ജയില്‍ അധികൃതരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് അവരുടെ അഭിഭാഷകന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സഹതടവുകാരിയെ പോലീസ് മര്‍ദ്ദിക്കുന്നതിനു ഇന്ദ്രാണി സാക്ഷിയായിരുന്നുവെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ചു ഇന്ന് ഇന്ദ്രാണി പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ദ്രാണി മുഖര്‍ജിയുടെ സഹതടവുകാരിയുടെ മരണത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജയിലില്‍ കലാപമുണ്ടായിരുന്നു. ജയിലില്‍ കലാപമുണ്ടായതിനെ തുടര്‍ന്നു ഇന്ദ്രാണിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.