നടി ആക്രമിക്കപ്പെട്ട കേസില്‍ വിരമിക്കല്‍ ദിനത്തില്‍ സര്‍ക്കുലര്‍ ഇറക്കി സെന്‍കുമാര്‍; അന്വേഷണം ശരിയായ ദിശയിലല്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശരിയായ രീതിയിലല്ല ഇപ്പോള്‍ പുരോഗമിക്കുന്നതെന്നും കേസില്‍ പ്രൊഫഷണല്‍ അന്വേഷണം വേണമെന്നും ഡി.ജി.പി. ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസ് പുതിയ വിവാദങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് ഇന്ന് വിരമിക്കാനിരിക്കുന്ന സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് അറിയാതെ ഒരു കാര്യവും മുന്നോട്ട് പോകരുത്. പല വിവരങ്ങളും പുറത്തു പോകുന്നുണ്ട്. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നുമാണ് ഉത്തരവ് .
ലോക്നാഥ് ബെഹ്റ ഡി.ജി.പിയായിരിക്കെയാണ് ക്രൈം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. നേരത്തെ കേസില്‍ പള്‍സര്‍ സുനിയെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തപ്പോള്‍ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന് ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്ത കാര്യം അന്വേഷണ ഉദ്ദ്യോഗസ്ഥനായ ഐ.ജി അറിഞ്ഞിരുന്നില്ല. മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ഈ ചോദ്യം ചെയ്യല്‍. ഇത് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
എന്നാല്‍ നടിക്കെതിരായ അക്രമം സംബന്ധിച്ചുള്ള കേസന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ പിന്നീട് വിശദീകരിച്ചു. സത്യം പുറത്തുകൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയതെന്നും അന്വേഷണത്തില്‍ പിഴവില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.