പേപ്പട്ടിയെ കൊല്ലുന്ന പോലെ തല്ലിക്കൊല്ലരുതെന്ന് മന്ത്രി ; തന്നെ വെടിവെച്ചു കൊന്നു കൊള്ളൂവെന്നും കെടി ജലീല്‍
ഗോരക്ഷകര്‍ ബീഫിന്റെ പേരു പറഞ്ഞ് തന്നെ കൊല്ലാന്‍ വരികയാണെങ്കില്‍ വെടിവെച്ചു തന്നെ കൊന്നു തരണമെന്ന് മന്ത്രി കെ.ടി ജലീല്‍. നടു റോഡില്‍ പേപ്പട്ടിയെ കൊല്ലുന്നതു പോലെ തല്ലിക്കൊല്ലരുതെന്നും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തില്പ്പെട്ടവര്ക്കിടെയിലെ വനിതകള്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ബീഫിന്റെ പേരില്‍ രാജ്യത്ത് ഇതിനോടകം 28 പേര് കൊല്ലപ്പെട്ടുവെന്നും ഇത്തരത്തിലുളള സാഹചര്യം അത്യന്തം അപകടകരമാണെന്നും കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.
ഗോരക്ഷകര്‍ ബീഫിന്റെ പേരില്‍ അഴിച്ചുവിടുന്ന അക്രമത്തെയും കൊലപാതകങ്ങളേയും അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ച് 24 മണിക്കൂറാകുന്നതിനു മുന്‍പ് മറ്റൊരു കൊലപാതകത്തിനു കൂടി രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഈ അവസ്ഥയില്ലെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.