ഇന്ത്യയില്‍ വിദ്യാഭ്യാസം ഏറ്റവും കുറവുള്ളത് മുസ്ലിങ്ങള്‍ക്ക്: സാക്ഷരതാനിരക്ക് ദേശീയ ശരാശരിയെക്കാളും കുറവെന്ന് റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ വിദ്യാഭ്യാസപരമായി പിന്നില്‍ നില്‍ക്കുന്നത് മുസ്ലിങ്ങളാണെന്ന് മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മൗലാന ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ (എം.എ.ഇ.എഫ്).

പ്രൈമറി, സെക്കന്‍ഡറി, ഉന്നതവിദ്യാഭ്യാസതലങ്ങളില്‍ പ്രവേശനം നേടുകയും കോഴ്‌സ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിലും സാക്ഷരതയുടെ കാര്യത്തിലും മുസ്ലിങ്ങള്‍ പിന്നിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇവരുടെ സാക്ഷരതാനിരക്ക് 68.53 ശതമാനമാണ്. ദേശീയശരാശരിയെക്കാള്‍ കുറവാണിത്. 72.98 ശതമാനമാണ് ദേശീയതലത്തില്‍ സാക്ഷരതാ നിരക്ക്.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനായി ത്രിതല വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരണമെന്ന് എം.എ.ഇ.എഫ്. നിര്‍ദേശിച്ചു. ഇതിനായി സെന്‍ട്രല്‍ സ്‌കൂള്‍, കമ്യൂണിറ്റി കോളേജ്, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ മൂന്ന് തട്ടുകളായി വിദ്യാഭ്യാസ സൗകര്യമൊരുക്കണം. 211 സ്‌കൂളുകള്‍, 25 കോളേജുകള്‍ അഞ്ച് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ സ്ഥാപിക്കണം. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളുടെ മാതൃകയിലാവണം സ്‌കൂളുകളുടെ പ്രവര്‍ത്തനം.

റിപ്പോര്‍ട്ട് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത അക്കാദമികവര്‍ഷം മുതല്‍ നിര്‍ദേശങ്ങളില്‍ നടപ്പാക്കാന്‍ കഴിയുന്നവ നടപ്പാക്കുമെന്നും കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.