ചരിത്രമെഴുതി സിംബാബ്‌വേ; ലങ്കാ ദഹനത്തോടൊപ്പം 2009നു ശേഷമുള്ള ആദ്യ പരമ്പര വിജയം
ശ്രീലങ്കയില്‍ സിംബാബ്‌വേ ക്രിക്കറ്റ് ഉയര്‍ത്തെഴുന്നേറ്റു. ലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരന്പര 3-2ന് നേടിയാണ് സിംബാബ്‌വെ പുതു ചരിത്രമെഴുതിയത്. 2009ല്‍ കെനിയയ്‌ക്കെതിരേ നേടിയ ഏകദിന പരമ്പരയ്ക്ക് ശേഷം സിംബാബ്‌വേ നേടുന്ന ആദ്യ പരമ്പര വിജയവും ശ്രീലങ്കയ്‌ക്കെതിരേ നേടുന്ന കന്നി പരമ്പരര വിജയവുമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്.
നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു സന്ദര്‍ശകരുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 50 ഓവറില്‍ എട്ട് വിക്കറ്റിന് 203 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 38.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‌വെ ചരിത്രം തിരുത്തി.
ഓപ്പണര്‍ ഹാമില്‍ട്ടണ്‍ മാസകട്‌സയുടെ അര്‍ധ സെഞ്ചുറി(73)യാണ് സിംബാബ്‌വെയ്ക്ക് തുണയായത്. ഓപ്പണിംഗ് വിക്കറ്റില്‍ മാസകട്‌സസോളമന്‍ മിര്‍ സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വന്ന തരിസായി മുസ്‌കാണ്ടയും (37) തിളങ്ങിയെങ്കിലും വാലറ്റം തകര്‍ന്നത് സിംബാബ്‌വെക്ക് സമ്മര്‍ദ്ദമുണ്ടാക്കി. എന്നാല്‍ 27 റണ്‍സോടെ പുറത്താകാതെ നിന്ന് സിക്കന്ധര്‍ റാസ ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് വേണ്ടി അസീല ഗുണരത്‌നെ (പുറത്താകാതെ 59), ധനുഷ്‌ക ഗുണതിലക (52) എന്നിവര്‍ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. എന്നാല്‍ മധ്യനിര തകര്‍ന്നടിഞ്ഞതോടെ ലങ്കന്‍ സ്‌കോര്‍ മന്ദഗതിയില്‍ മുന്നോട്ടുപോയി. ബൗളിംഗിലും തിളങ്ങിയ സിക്കന്ധര്‍ റാസ മൂന്ന് വിക്കറ്റ് നേടി ലങ്കയെ പിടിച്ചുനിര്‍ത്തി. ഗ്രയിം ക്രീമര്‍ രണ്ടു വിക്കറ്റ് നേടി. സിക്കന്ധര്‍ റാസ മാന്‍ ഓഫ് ദ മാച്ചും മാസകട്‌സ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും നേടി.



