കൂടെ കിടക്കാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടു എന്ന് യുവനടന്‍ ; നാട്ടില്‍ നടന്മാര്‍ക്കും രക്ഷയില്ലാതായി
മുംബൈ : സിനിമയില്‍ അവസരം ലഭിക്കാന്‍ മറ്റുള്ളവരുടെ കൂടെ കിടക്ക പങ്കിടാന്‍ ക്ഷണം ലഭിച്ചു എന്ന പേരില്‍ ധാരാളം നടിമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. അതുപോലെ സിനിമയില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ചുള്ള വാദകോലാഹലം നടന്നുവരുന്ന സമയം കൂടിയാണ് ഇപ്പോള്‍. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല അഭിനയ മോഹവുമായി നടക്കുന്ന പുരുഷന്മാര്‍ക്കും രക്ഷയില്ല എന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു സത്യം. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ തയ്യാറാവണമന്ന് പലരും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ യുവനടനായ ആശിഷ് ബിസാത്ത്. മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലെത്തിയ താരമാണ് ആശിഷ്. കാസ്റ്റിങ് കൗച്ച് ഒരുപാട് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. കിടക്ക പങ്കിടുന്നത് സംബന്ധിച്ച് ചില നിര്‍മാതാക്കള്‍ എന്നെ വിളിച്ച് നേരിട്ട് ചോദിച്ചിട്ടുണ്ട്.
മുംബൈയില്‍ എത്തിയപ്പോള്‍ മുതല്‍ ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. പുരുഷന്മാര്‍ മാത്രമല്ല സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ അവര്‍ക്കൊപ്പം ഉറങ്ങണമെന്ന് ചില സ്ത്രീകളും ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ആശിഷ് പറയുന്നു. സിനിമയില്‍ തുടക്കകാരനായ ആശിഷിന്റെ ആദ്യത്തെ സിനിമ ഈ ആഴ്ച റിലീസ് ചെയ്യുന്നതിന് വേണ്ടി ഒരുങ്ങുകയാണ്. അതിനിടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് ആശിഷ് രംഗത്തെത്തിയത്. എന്നാല്‍ സിനിമയില്‍ ചുവട് വെക്കാന്‍ തുടങ്ങിയതിന് പിന്നാലെ തന്നെ ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ തനിക്ക് പേടിയുണ്ടെന്നും താരം പറയുന്നു.