കല്യാണവീടുകളില്‍ മോഷണം നടത്തുന്ന കുട്ടിക്കള്ളന്‍മാര്‍ ; മോഷണത്തിന് കുഞ്ഞുങ്ങളെ വാടകയ്‌ക്ക് കൊടുക്കുന്ന ഗ്രാമങ്ങളും
‘ബാന്‍ഡ് ബാജാ ബാരാട്ട്’ എന്ന് പേരുള്ള മോഷണസംഘത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ വിവാഹവീട്ടില്‍ നിന്നും പണവും ആഭരണങ്ങളും സമ്മാനങ്ങളും മോഷണം പോകുന്നത് സ്ഥിരമായതോടെയാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയത്. അന്വേഷിച്ചണത്തില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച കള്ളന്മാരെ കണ്ടെത്തിയ പോലീസ് ഞെട്ടി. 12 വയസിനു താഴെമാത്രം പ്രായമുള്ള കുട്ടികളാണ് ഈ മോഷണങ്ങള്‍ എല്ലാം ചെയ്തിരിക്കുന്നത്. തിരക്കിനിടയില്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ച് ആരുടേയും കണ്ണില്‍ പെടാതെ സമര്‍ഥമായി മോഷണം നടത്താന്‍ ഇവര്‍ക്ക് പ്രത്യേകം പരിശീലനം പോലും ലഭിക്കാറുണ്ട്. ഇത്തരത്തില്‍ മോഷണം നടത്താന്‍ കുട്ടികളെ വാടകയ്‌ക്ക് കൊടുക്കുന്ന ഗ്രാമങ്ങളും ഉണ്ട് എന്നതാണ് അതിലേറെ രസകരം.
മധ്യപ്രദേശിലെ പാഛോര്‍, ഗുല്‍ഖേഡി എന്നീ ഗ്രാമങ്ങളില്‍ നിന്നാണ് പ്രധാനമായും ഇത്തരത്തില്‍ കുട്ടികളെ മോഷ്ടാക്കളാകാന്‍ മാതാപിതാക്കള്‍ വാടകയ്ക്ക് കൊടുക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മധ്യപ്രദേശിലെ രാജ്ഗാര്‍ഹിലെ പാഛോര്‍ ജില്ലയിലെ കാഡിയാ ഗ്രാമത്തില്‍ നിന്നാണ് പ്രധാനമായും കുട്ടികള്‍ മോഷണത്തിനായി നഗരങ്ങളില്‍ എത്തിയിട്ടുള്ളത്. ഇത്തരത്തില്‍ വര്‍ഷാവസാനം രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെ രൂപയാണ് ഈ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ നാലു മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 86 പോലീസ് സംഘങ്ങളാണ് വിവാഹസ്ഥലങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട് പാഛോര്‍ ഗ്രാമത്തില്‍ എത്തിയത്.അതുപോലെ ഏപ്രിലില്‍ മാത്രം 34 മോഷണക്കേസുകളിലാണ് പാഛോര്‍ ഗ്രാമത്തിലെ കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്.