ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍: മുന്നണി മാറ്റത്തിന് ജെഡിയു

ജനതാദള്‍ യു ഇടതുമുന്നണിയിലേക്കെന്ന സൂചന നല്‍കി നേതാക്കള്‍. ജെ.ഡി.യു. വൈസ് പ്രസിഡന്റ് ചാരുപാറ രവി, ഷെയ്ഖ് പി. ഹാരിസ് എന്നിവരാണ് മുന്നണി മാറ്റം ഈ വര്‍ഷം അവസാനത്തോട് കൂടി ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയത്.

യു.ഡി.എഫുമായുളള ബന്ധത്തില്‍ നഷ്ടം മാത്രമാണ് നടന്നിരിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ക്ഷണത്തെ പോസിറ്റീവായി കാണുന്നുവെന്നും ജെ.ഡി.യു. നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ മുന്നണി ബന്ധത്തെ ഓര്‍ത്ത് പലതും വിഴുങ്ങേണ്ട അവസ്ഥയാണ്. ഇടതുമുന്നണിയാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. കോണ്‍ഗ്രസില്‍ ശക്തമായ അടിയൊഴുക്കും ഗ്രൂപ്പിസവുമാണ്. മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് പലവട്ടം ചര്‍ച്ചകള്‍ നടന്നതായും ചാരുപാറ രവി പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വലിയ രാഷ്ട്രീയമാറ്റം ഉണ്ടാകും. യു.ഡി.എഫില്‍ വന്നശേഷം ജെ.ഡി.യുവിന് കനത്ത രാഷ്ട്രീയ നഷ്ടം ഉണ്ടായി. ജെ.ഡി.യുവിന് മുന്നണി മാറ്റം അനിവാര്യമാണെന്നും ആശയപരമായി ഇടതുപക്ഷവും ജെഡിയുവും സഖ്യകക്ഷികളാണെന്നും ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.