എംഎല്‍എ ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളത്തേറി; സംഭവം പക്ഷെ വിവാദമായി (വിഡിയോ)

ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ ബി.ജെ.ഡി. എം.എല്‍.എയെ അണികള്‍ തോളിലേറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വിവാദത്തില്‍. ഒഡീഷയില്‍ ഭരണപക്ഷ പാര്‍ട്ടിയായ ബിജു ജനതാദള്‍ എം.എല്‍.എ. മനാസ് മഡ്കാമിയെ അനുയായികള്‍ എടുക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒഡീഷയിലെ ഗ്രാമപഞ്ചായത്തുകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെ കുറിച്ച് അന്വേഷിക്കാനാണ് നബരാങ്പൂര്‍ എം.പി. ബലഭദ്ര മാഞ്ചിക്കൊപ്പമം മനാസ് മോട്ടു മേഖലയിലെ പഞ്ചായത്തുകളില്‍ സന്ദര്‍ശനത്തിനെത്തിയത്. കടത്തുകടന്നുവേണമായിരുന്നു സന്ദര്‍ശിക്കേണ്ട സ്ഥലത്ത് എത്താന്‍. ബോട്ടില്‍ കയറാനായുള്ള സ്ഥലത്ത് ചെളി നിറഞ്ഞതിനാല്‍ വെള്ള വസ്ത്രവും ഷൂം ധരിച്ചെത്തിയ എം.എല്‍.എ. വെള്ളക്കെട്ടിലൂടെ നടക്കാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് അനുയായികള്‍ എം.എല്‍.എയെ തോളിലേറ്റി അപ്പുറത്തെത്തിക്കുകയായിരുന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന എം.പി ബലഭദ്ര മാഞ്ചി ചെളി കാര്യമാക്കാതെ നടന്നു നീങ്ങി.

അതേസമയം, തനിക്കെതിരായ വിമര്‍ശനങ്ങള്‍ മാനസ് മഡ്കാമി തള്ളിക്കളഞ്ഞു. അണികള്‍ക്ക് തന്നോടുള്ള സ്‌നേഹവും ബഹുമാനവുമാണെന്നും മഡ്കാമി പ്രതികരിച്ചു. അവര്‍ സ്വമേധയാ തന്നെയെടുത്ത് വെള്ളക്കെട്ടിന് അപ്പുറത്തെത്തിക്കുകയായിരുന്നുവെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ മന്ത്രിയുടെ കാലില്‍ ചെരുപ്പണിയിച്ച സംഭവങ്ങള്‍ മുമ്പ് വിവാദം സ്ൃഷ്ടിച്ചിരുന്നു.

വീഡിയോ കാണാം