വിശ്വസിക്കാമോ …! മൂന്നു ഗോളിമാര്‍ക്കും ഒന്നിച്ചു പരുക്ക് ..!!

ഡോ മുഹമ്മദ് അഷ്‌റഫ്ഒരു ടീമിലെ മൂന്നു ഗോളിമാരും ഒരു മണിക്കൂറിനുള്ളില്‍ പരിശീലനത്തിനിടെ പരിക്കുപറ്റി പുറത്തുപോയി …!! ബുണ്ടസ് ലീഗാ ടീം ഹാര്‍ത്താ ബെര്‍ലിനില്‍ ആണ് അത്യപൂര്‍വമായ ഈ ‘ബഹുമതി’.

ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമില്‍ മൂന്നു ഗോളിമാരാണുള്ളത്. കളിക്കിടയില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റാലും മൂന്നാമന്‍ രക്ഷകന്‍ ആകും എന്നതു കൊണ്ടാണ് ഈ മുന്‍കരുതല്‍. എന്നാല്‍ മൂന്നുപേര്‍ക്കും ഒരുമിച്ചു അത്തരം ഒരു അവസ്ഥായുണ്ടായാല്‍ എന്തായിരിക്കും …!

ത്യപൂര്‍വമായ ഒരവസ്ഥയാണ് ഇന്നലെ ബുണ്ടസ് ലീഗാ ടീം ഹാര്‍ത്താ ബെര്‍ലിന്റെ പരിശീലനത്തിനിടയില്‍ ഉണ്ടായത്. യുര്‍ഗന്‍ ക്ലിന്‍സ്മാന്റെ മകന്‍ യോനാഥാന്‍ ടീമില്‍ എത്തിയിട്ട് അധിക നാളായിട്ടില്ല. പരിശീലനം തുടങ്ങി പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ കൊച്ചു ക്‌ളിന്‍സി നിലത്തു വീണു നിലവിളിച്ചു.

കാല്‍ മുട്ടിലെ ചിരട്ട സ്ഥാനം തെറ്റിയിരിക്കുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ടീമിലെ രണ്ടാമനു വയറിനു അടികിട്ടി ബോധം നഷ്ടപ്പെട്ട് നിലത്തുവീണു. തുടര്‍ന്ന് ഛര്‍ദിയും തലകറക്കവും വീണത് രണ്ടാമന്‍ ആണെങ്കിലും ആള്‍ ടീമിലെ ഒന്നാമനാണ്.

പേര് റെനേ യാര്‍സ്റ്റയിന്‍ അയാളെയും ആശുപത്രിയില്‍ എത്തിച്ചു. മൂന്നാമന്റെ ഊഴമായി. ജൂലിയസ് കാടെ എന്ന കളിക്കാരനുമായി കൂട്ടിയിടിച്ചു മൂക്കിന്റെ പാലം തകര്‍ന്നു നിലത്തു വീണിരിക്കുന്നു. തല്‍ക്കാലം പരിശീലനം നിര്‍ത്തിവച്ചു മൂന്നാമനെയും ബെര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്കും അത്ഭുതം. മൂന്നു ഗോളിമാരെ ഒന്നിച്ചു പരിക്കുപറ്റി ചികിത്സിക്കുവാന്‍ കിട്ടിയതിലും ഒപ്പം അത്യപൂര്‍വമായ ഒരു റിക്കാര്‍ഡ് കണ്ടതിലും.