സ്വാതന്ത്ര്യ സമര പോരാളി കെഇ മാമ്മന്‍ അന്തരിച്ചു; വിടപറഞ്ഞത് തികഞ്ഞ ഗാന്ധിയന്‍
പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തില്‍ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ.ഇ. മാമ്മന്‍ ജനിച്ചത്.
കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്.
സി.കേശവന്റെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗം കേള്‍ക്കാനിടയായതാണ് മാമ്മന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. അതോടെ മാമ്മന്‍ പൊതുപ്രവര്‍ത്തനത്തില്‍ ആവേശപൂര്‍വം പങ്കാളിയായി. തന്റെ രോഷത്തിനു പാത്രമായതിനെത്തുടര്‍ന്ന് സര്‍ സി.പി, നാഷനല്‍ ക്വയിലോണ്‍ ബാങ്ക് പൂട്ടിക്കുകയും ഉടമകളെ തടവിലാക്കുകയും ചെയ്തപ്പോള്‍ മാമ്മന്റെ പിതാവ് കെ.സി. ഈപ്പനും ജയിലിലായി. ജയിലില്‍ കിടക്കവെയാണ് ഈപ്പന്‍ മരിച്ചത്. മകനായ മാമ്മനും സി.പിയുടെ കണ്ണിലെ കരടായി.
രാഷ്ട്രീയപ്രവര്‍ത്തനത്തിലെ തീപ്പൊരിയാവുക കൂടി ചെയ്തപ്പോള്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും സര്‍ സിപി, മാമ്മനെ അനുവദിച്ചില്ല. ഇതിനിടെയാണ് തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍ നടന്ന യോഗത്തില്‍ സര്‍ സി.പിക്കെതിരെ മാമ്മന്‍ ആഞ്ഞടിച്ചത്. അതോടെ കോളജില്‍നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍പഠനത്തിന് എറണാകുളം മഹാരാജാസില്‍ ശ്രമിച്ചെങ്കിലും അവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടു.
ഒടുവില്‍ തിരുവിതാംകൂറിനു പുറത്തുള്ള തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിച്ച് ഇന്റര്‍മീഡിയറ്റ് പൂര്‍ത്തീകരിച്ചു. 1940ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദത്തിനു ചേര്‍ന്നു. എന്നാല്‍ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു. പുറത്താക്കുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡുകാരനായ പ്രിന്‍സിപ്പല്‍ റവ. ബോയിഡ് പറഞ്ഞു: നിന്റെ ധൈര്യത്തെയും രാജ്യസ്‌നേഹത്തെയും ഞാന്‍ അനുമോദിക്കുന്നു. പക്ഷേ കോളജില്‍ നിന്ന് പുറത്താക്കാതെ നിവൃത്തിയില്ല.
രാമാശ്രമം അവാര്‍ഡ്, ലോഹ്യാവിചാരവേദിയുടെ അവാര്‍ഡ്, ടികെവി ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു. മദ്യനിരോധനത്തിന്റെ ശക്തനായ വക്താവായ മാമ്മന്‍ അതിനുവേണ്ടിയും നിരവധി സമരങ്ങളില്‍ പങ്കാളിയായി. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെയാണ് മാമ്മന്‍ ജീവിച്ചത്.