കൊച്ചിയില്‍ മറ്റൊരു യുവനടി കൂടി പീഡനത്തിന് ഇരയായി ; സംഭവത്തില്‍ സിനിമാ സ്റ്റില്‍ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍

കൊച്ചി : കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമാ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. യുവനടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജനപ്രിയതാരം ദിലീപ് അറസ്റ്റിലാവുകയും തുടര്‍ന്നുള്ള അന്വേഷണ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരികയും ചെയ്യുന്നതിനിടെയാണ് സംവിധായകനും നടനും തന്നോട് അശ്‌ളീലമായി പെരുമാറി എന്ന് കാണിച്ച് മറ്റൊരു നടി രംഗത്ത് വന്നത്. അതിനുപിന്നാലെയിതാ ഒരു യുവനടി കൂടി പീഡനത്തിന് ഇരയായിരിക്കുന്നു. പീഡിപ്പിക്കപ്പെട്ട താരം പ്രമുഖ നടിയല്ല. പക്ഷേ തമിഴ് സിനിമകളിലടക്കം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ യുവ നായകന്റെ നായിക വേഷം നല്‍കാമെന്ന് പറഞ്ഞായിരുന്നു ചൂഷണം.

സംഭവത്തില്‍ സിനിമയില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായ കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സന്‍ ലോനപ്പനെ എറണാംകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പീഡനം കൂടാതെ പല തവണയായി 33 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു.ദന്തഡോക്ടറാണ് പീഡനത്തിന് ഇരയായ താരം. അവസരത്തിനായി കാത്തിരുന്ന യുവതിയെ പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ നടന്റെ സിനിമയില്‍ നായിക വേഷം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. സിനിമയില്‍ നായികാവേഷം ലഭിക്കുന്നതിന് മന്ത്രവാദം അടക്കമുള്ള ആഭിചാരക്രിയകള്‍ നടത്തുന്നതിന് പണം വേണമെന്ന് പറഞ്ഞായിരുന്നു വിന്‍സന്‍ പണം തട്ടിയെടുത്തത്. യുവനായകന്റെ ചിത്രത്തില്‍ നേരത്തെ അസിസ്റ്റന്റ് സ്റ്റില്‍ ഫോട്ടോഗ്രാഫറായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ സമയം നടന്റെ കൂടെയെടുത്ത ചിത്രങ്ങള്‍ കാട്ടിയാണ് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചത്.