മതമൈത്രിയുടെ മൂര്‍ത്തിഭാവമായി മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ പ്രതിമ
രാമേശ്വരം: രാഷ്ട്രീയത്തിന്റെയോ, മതത്തിന്റെയോ കണ്ണിലൂടെയല്ല മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമെന്ന മിസൈല്‍ മാന്‍ ഓഫ് ഇന്ത്യയെ ഭാരതീയര്‍ കാണുന്നത്. മരണത്തിലൂടെയും അദ്ദേഹം തന്റെ സാഹോദര്യം വിളിച്ചറിയിക്കുകയാണ്.
കലാമിന്റെ പ്രതിമക്കുമുന്നില്‍ ഭഗവത് ഗീതയോടൊപ്പം ബൈബിള്‍, ഖുര്‍ആന്‍ എന്നിവ കൂടി സ്ഥാപിച്ച് കലാമിന്റെ കുടുംബം മതമൈത്രിയുടെ മാതൃകയായി.
കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത കലാം സ്മാരകത്തിലെ പ്രതിമക്കുമുന്നില്‍ ഭദവദ് ഗീത വെച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് പ്രതിമക്ക് സമീപം ഒരു ചില്ലുപെട്ടിയില്‍ ബൈബിള്‍, ഖുര്‍ആന്‍ എന്നിവ കൂടി സ്ഥാപിച്ചത്.
അതേസമയം ഇവ പ്രതിമക്കടുത്ത് സ്ഥാപിക്കുന്നതിന് അനുമതി തേടിയില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് പ്രാദേശിക ഹിന്ദു സംഘടന രംഗത്തെത്തി. രണ്ടു വിശുദ്ധ ഗ്രന്ഥങ്ങളും ഔദ്യോഗിക അനുമതിയില്ലാതെയാണ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഹിന്ദു മക്കള്‍ കച്ചി നേതാവ് കെ. പ്രഭാകരനാണ് പരാതി നല്‍കിയത്. ഈ ഗ്രന്ഥങ്ങളെല്ലാം ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ അനുവാദം കൂടാതെ അവ സ്മാരകത്തില്‍ സൂക്ഷിക്കുന്നത് തെറ്റാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം പ്രഭാകരന്‍ പറഞ്ഞു.
തമിഴ് ഇതിഹാസ ഗ്രനഥമായ തിരുക്കുറുളിന്റെ കോപ്പിയും ഉടന്‍ തന്നെ പ്രതിമക്കടുത്ത് വെക്കുമെന്ന് കുടുംബം വ്യക്തമാക്കി. കലാം എല്ലാ ഇന്ത്യക്കാരും നേതാവാണെന്നും ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കലാമിന്റെ
സ്മരാകത്തില്‍ ഭഗവദ് ഗീത സ്ഥാപിച്ചതിനെതിരെ വൈക്കോ നയിക്കുന്ന എം.ഡി.എംകെയും പി.എം.കെ.യും നേരത്തേ രംഗത്തെത്തിയിരുന്നു. ഗീതക്ക് പകരം തിരുക്കുറള്‍ വെക്കണമെന്ന് മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എം.ഡി.എം.കെ) ജനറല്‍ സെക്രട്ടറി വൈകോ, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) അധ്യക്ഷന്‍ തിരുമാളവന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
തിരുവള്ളുവര്‍ രചിച്ച ലോകപ്രശസ്തമായ തിരുക്കുറളിന്റെ മുന്നില്‍ ഭഗവദ്ഗീതക്ക് ഒരു പ്രാധാന്യവുമില്ലെന്ന് വൈകോ പറഞ്ഞിരുന്നു. ഗീതക്ക് എന്ത് മാഹാത്മ്യമാണുള്ളതെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. എല്ലാ അര്‍ഥത്തിലും കലാം ഒരു തമിഴനായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമക്കു മുന്നില്‍ വെക്കാന്‍ അര്‍ഹതപ്പെട്ട ഗ്രന്ഥം തിരുക്കുറളാണ്. ഭഗവദ്ഗീത വെച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്നും വൈകോ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ജൂലൈ 27 നാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്.