ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കണം എന്ന് മേനകാ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഞെട്ടണ്ട ഔഷധ നിര്‍മ്മാണത്തിന്റെ കാര്യത്തിലാണ് അവര്‍ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. മരുന്ന് നിയന്ത്രണനയവുമായി ബന്ധപ്പെട്ട് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മനേകാ ഗാന്ധിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള ഉപയോഗം കുറയ്ക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കഞ്ചാവില്‍ നിന്ന് 400 തരം മരുന്നുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാഡീസംബന്ധമായി രോഗങ്ങള്‍ക്കും പേശീ വേദനയ്ക്കും വേദനസംഹാരിയായും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രയോജനപ്രദമാണെന്നും ചില ഗവേഷണ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണ്. അവിടെ മയക്കുമരുന്ന് ഉപയോഗം കുറയാനും ഇത് ഇടയാക്കി. ഇതേ സാധ്യത ഇന്ത്യയിലും പരിശോധിക്കണം. ഔഷധ നിര്‍മ്മാണത്തിനായി മരിയുവാന നിയമവിധേയമാക്കണം. പ്രത്യേകിച്ച് അവ ക്യാന്‍സര്‍ ചികിത്സയ്ക്ക് പ്രയോജനകരം കൂടിയാകുമ്പോള്‍ എന്നാണ് മേനകാ ഗാന്ധി പറഞ്ഞത്.