ബലമായി ചുംബിക്കാന്‍ ശ്രമം നടത്തിയ യുവാവിന്റെ നാക്ക് കടിച്ചെടുത്ത് വീട്ടമ്മ പോലീസിനു കൈമാറി സംഭവം കേരളത്തില്‍

മദ്യലഹരിയില്‍ വീട്ടമ്മയെ കടന്നുപിടിച്ച് ബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഞാറക്കലാണ് സംഭവം. കടിച്ചെടുത്ത രണ്ട് സെന്റിമീറ്റര്‍ നീളം വരുന്ന നാക്കിന്റെ ഭാഗം വീട്ടമ്മ പിറ്റേന്ന് പരാതിയോടൊപ്പം ഞാറക്കല്‍ പോലീസിനു നല്‍കി.

വീട്ടമ്മ രാത്രി വീട്ടുജോലി തീര്‍ത്ത ശേഷം കിടക്കുന്നതിനു മുമ്പായി പ്രാഥമിക ആവശ്യത്തിന് പുറത്തിങ്ങിയ സമയത്ത് പിന്നില്‍ നിന്നെത്തി പിടികൂടിയ ശേഷമായിരുന്നു യുവാവിന്റെ പരാക്രമം. പ്രതി ആരെന്ന് വീട്ടമ്മക്ക് വ്യക്തമായിരുന്നില്ല. നാക്കില്‍ കടിച്ചതോടെ വേദനകൊണ്ട് പുളഞ്ഞ പ്രതി വീട്ടമ്മയെ തട്ടിത്തെറിപ്പിച്ച് വീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നത്രേ.

സംഭവത്തെ തുടര്‍ന്ന് പരാതിയില്‍ ബലാത്സംഗ ശ്രമത്തിനു പോലീസ് കേസെടുത്തിരുന്നു. വീട്ടമ്മയുടെ വീടിന്റെ പരിസരത്ത് തന്നെയുള്ള യുവാവാണ് പ്രതിയെന്നാണ് സൂചന. നാക്ക് മുറിഞ്ഞ പ്രതിയെ തേടി പോലീസ് കൊച്ചി നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിയതോടെയാണ് ആളെ വ്യക്തമായത്. ഞാറക്കല്‍ സ്വദേശിയായ ഒരാള്‍ നാക്ക് മുറിഞ്ഞ് ചികിത്സയിലുണ്ടെന്നും പ്രവേശിപ്പിച്ചിട്ട് രണ്ട് ദിവസമായി എന്നും സൂചന ലഭിച്ചതോടെ പോലീസ് ഇയാളുടെ വിലാസം ശേഖരിക്കുകയും ആളുടെ വീട് കണ്ടെത്തുകയും ചെയ്തു.

പാലക്കാട് പോകുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സക്കായി വീടുവിട്ടിറങ്ങിയത്. നാക്ക് കടിച്ചെടുത്ത കാര്യം വീട്ടുകാര്‍ക്ക് അറിവില്ല. ഇതേ തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റിഡിയിലെടുത്തതായി സൂചനയുണ്ട്.

പ്രതിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മദ്യലഹരിയില്‍ അബദ്ധം സംഭവിച്ചതാണെന്നാണ് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ അറിയിച്ചതത്രേ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിക്കുള്ള നീക്കത്തിനാണ് പോലീസ് തയാറെടുക്കുന്നത്.