മോഡിക്കെതിരെ പോസ്റ്റിട്ട സഹോദരിയേയും അമ്മയേയും അധിക്ഷേപിച്ചയാള്‍ക്ക് ജ്വാലയുടെ കിടിലന്‍ മറുപടി
അമ്മയ്‌ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മോഡി ഭക്തന് മൂര്‍ച്ചയുള്ള മറുപടിയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട നല്‍കിയത്.
മോഡിയെ വിമര്‍ശിച്ച് പോസ്റ്റിട്ട ജ്വാല ഗുട്ടയുടെ സഹോദരിയെ മോഡി വിരുദ്ധയെന്ന് വിളിച്ച് പരിഹസിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ജ്വാലയുടെ സഹോദരി ഇന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അധിക്ഷേപം. അമ്മ ചൈനക്കാരിയായതുകൊണ്ടാണോ നിങ്ങള്‍ മോഡി വിരുദ്ധയായത് എന്നാണ് ചോദ്യം വന്നത്. അമ്മയെ വംശീയമായി അധിക്ഷേപിച്ചത് കണ്ടതോടെ ജ്വാല ഗുട്ട രംഗത്തെത്തുകയായിരുന്നു.
പറയുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കണമെന്ന് ജ്വാല പറഞ്ഞു. ഒരു വാക്ക് കൂടി പറയാന്‍ പോലും നിങ്ങള്‍ ധൈര്യപ്പെടരുത്. അവര്‍ക്ക് അവരുടേതായ നിലപാടുണ്ട്. നിങ്ങളേക്കാളും ഇന്ത്യനാണ് ഞങ്ങള്‍ ജ്വാല പറഞ്ഞു.
മാതാപിതാക്കളെ അവശ്യമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴച്ചാല്‍ തന്റെ മറ്റൊരു മുഖവും കൂടി നിങ്ങള്‍ കാണേണ്ടി വരുമെന്ന് ജ്വാല താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ മറുപടിയിലും പ്രശ്‌നം അവസാനിപ്പിക്കാന്‍ സിദ്ധു ചൗധരി എന്ന അക്കൗണ്ട് യൂസര്‍ തയ്യാറായില്ല. അമ്മ എന്തു കൊണ്ട് മോഡി വിരുദ്ധയായി എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് മോഡി ഭക്തന്‍ വീണ്ടും പ്രകോപിപ്പിച്ചു. നിങ്ങള്‍ എന്നില്‍ നിന്ന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ ജ്വാല ഇനി മറുപടി നേരിട്ടാവാം എന്നുകൂടി തിരിച്ചടിച്ചു.
നിങ്ങള്‍ക്ക് ഞാനിനി മറുപടി തരില്ല. ചോദ്യം ഇനിയും ചോദിക്കാനുണ്ടെങ്കില്‍ നേരിട്ടാകാം എന്നതായിരുന്നു ജ്വാലയുടെ നിലപാട്. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയപ്പോള്‍ നേരത്തെ പിന്തുണയുമായി ജ്വാല രംഗത്തെത്തിയിരുന്നു.