ചിലവ് കുറച്ച് കര്‍ണ്ണാടക; മദനിയ്ക്ക് നാലു ദിവസം കൂടി കേരളത്തില്‍ തങ്ങാമെന്നും സുപ്രീം കോടതി
അബ്ദുള്‍ നാസര്‍ മഅദനിക്ക് മകന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ സന്ദര്‍ശിക്കാനുമായി നാട്ടിലേക്ക് വരുന്നതിനുള്ള പുതുക്കിയ യാത്രചിലവ് വിവരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
14 ലക്ഷത്തില്‍ നിന്ന് 1.18 ലക്ഷം രൂപയാണ് മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര ചിലവായി കര്‍ണാടകം പുതിയതായി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം മഅദനിക്ക് കേരളത്തില്‍ നാല് ദിവസം അധികം തങ്ങാനും സുപ്രീംകോടതി അനുമതി നല്‍കി. ഇതനുസരിച്ച് ആഗസ്റ്റ് ആറ് മുതല്‍ 19 വരെ മഅദനിക്ക് നാട്ടില്‍ കഴിയാനാകും.
കേരളം സന്ദര്‍ശിക്കാന്‍ മഅദനിക്ക് നേരത്തെ അനുവദിച്ച സമയം കര്‍ണാടക സര്‍ക്കാര്‍ വന്‍തുക യാത്രചിലവായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു .ഇക്കാര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടു പോയ നാല് ദിവസം കൂടി അനുവദിക്കാന്‍ കോടതി തീരുമാനം.
നേരത്തെ പതിനാല് ലക്ഷത്തോളം രൂപയാണ് യാത്രചിലവിനായി കെട്ടിവയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മഅദനിയോട് ആവശ്യപ്പെട്ടത്.
ഇത്ര വലിയ തുക മഅദനിയോട് ആവശ്യപ്പെട്ടതിന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് തുക കുറയ്ക്കാന്‍ കര്‍ണാടക തയ്യാറായത്.പുതുക്കിയ യാത്രചിലവിന്റെ കണക്കില്‍ മഅദനിക്ക് അകമ്പടി സേവിക്കുന്ന ഉദ്യോഗസ്ഥരുടെ ട്രാവല്‍ അലവന്‍സും ഡെയ്‌ലി അലവന്‍സും മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.
സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന മഅദനിയുടെ ആവശ്യം പക്ഷേ കോടതി അംഗീകരിച്ചില്ല. 19 പോലീസുദ്യോഗസ്ഥരാണ് മഅദനിയ്‌ക്കൊപ്പം കേരളത്തിലേക്കെത്തുക.









