രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ ആക്രമണം; ബിജെപി നേതാവ് അറസ്റ്റില്‍

ഗുജറാത്തില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി. യൂത്ത് വിങ് നേതാവ് ജയേഷ് ദര്‍ജിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

ബനാസ്‌കന്തയില്‍ വച്ചാണ് പലാന്‍പൂര്‍ ബി.ജെ.പി. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ജയേഷ് ദര്‍ജി അറസ്റ്റിലായത്.അതേസമയം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. ആസ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നുവെന്നും എന്നാല്‍ ഈ സമയം തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന്‍ പ്രതിഷേധിക്കുകയല്ല. പ്രളയബാധിത പ്രദേശത്തുള്ളവരെ സഹായിക്കുകയാണ് നാം വേണ്ടതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഗുജറാത്തില്‍ ബനാസ്‌കാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

രാഹുലിനെ നേരെ ഗുജറാത്തില്‍ ഉണ്ടായ ആക്രമണം പൊളിറ്റിക്കല്‍ ഗിമ്മിക്ക് മാത്രമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ഗുജറാത്തില്‍ രാഹുലിനു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.