വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി; ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, അറിയേണ്ടതെല്ലാം..
വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാനയി സര്‍ക്കാര്‍ കൊണ്ടുവന്ന വായ്പ തിരിച്ചടവ് സഹായ പദ്ധതിയില്‍ ഇന്നുമുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം കിട്ടുക. പദ്ധതിയുടെ വെബ്‌പോര്‍ട്ടല്‍ ഗുണഭോക്താക്കളായ കുട്ടികള്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു.
2016 മാര്‍ച്ച് 31നോ അതിനുമുമ്പോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെട്ട നാലുലക്ഷംവരെയുള്ള വായ്പകളുടെ അടിസ്ഥാനതുകയുടെ 60 ശതമാനത്തിന് സര്‍ക്കാര്‍ സഹായം ലഭ്യമാകും. ശേഷിക്കുന്ന 40 ശതമാനം വായ്പയെടുത്തയാള്‍ വഹിക്കണം. പലിശ ബാങ്ക് എഴുതിത്തള്ളും.
നാലുലക്ഷം മുതല്‍ ഏഴര ലക്ഷം വരെയുള്ള വായ്പ കുടിശ്ശികയുടെ 50 ശതമാനം വരെയും സര്‍ക്കാര്‍ വിഹിതമായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. പഠന കാലയളവിലോ വായ്പാകാലയളവിലോ അപകടമോ അസുഖമോ കാരണം ശാരീരികമായോ മാനസികമായോ സ്ഥിരവൈകല്യം നേരിടുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ വായ്പയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കും.
2016 മാര്‍ച്ച് ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങുകയും നിഷ്‌ക്രിയ ആസ്തിയായി മാറുകയും ചെയ്യാത്ത വായ്പകള്‍ക്കും സഹായം ലഭിക്കും. അടിസ്ഥാന വായ്പയും പലിശയും ചേര്‍ന്ന വാര്‍ഷിക തിരിച്ചടവ് തുക സര്‍ക്കാരും വായ്പയെടുത്തയാളും പങ്കുവെച്ചാണ് തിരിച്ചടക്കുക. ഒന്നാം വര്‍ഷം 90 ശതമാനം സര്‍ക്കാര്‍ നല്‍കും. തുടര്‍ന്ന് 75, 50, 25 ശതമാനം വീതവും നല്‍കും. ബാക്കി തുക വായ്പയെടുത്ത ആള്‍ വഹിക്കണം. നാലുവര്‍ഷമാണ് ഈ സഹായത്തിന്റെ കാലാവധി.
നഴ്‌സിങ്ങിനൊഴികെയുള്ള മറ്റു കോഴ്‌സുകള്‍ക്ക് മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ. എന്നീ ക്വാട്ടയില്‍ പ്രവേശനം നേടിയവരും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പ്രവേശിച്ചവരും ആറുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷികവരുമാനമുള്ളവരും പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവില്ല.
http://www.elrs.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായി ശനിയാഴ്ച മുതല്‍ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യണം.തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ഒപ്പിട്ട് ബാങ്കിന് സമര്‍പ്പിക്കണം. ബാങ്കിന്റെ പരിശോധന തീരുന്ന മുറയ്ക്ക് ഉപഭോക്താവിന്റെ വിഹിതം അടച്ചാല്‍ സര്‍ക്കാര്‍ വിഹിതം ബാങ്കിന് നല്‍കും.