സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫ്

 

സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ട് ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ. മുരളീധരന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് തള്ളി.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 18 രാഷ്ട്രീയ കൊലപാതകങ്ങളാണുണ്ടായത്. ഇതില്‍ 17ലും സി.പി.എമ്മും ബി.ജെ.പിയുമാണ് ഇരുഭാഗത്തുമുള്ളത്.

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യു.ഡി.എഫായിരിക്കും. മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ ബി.ജെ.പി. അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുന്നത്.

ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണെന്നും മുരളീധരന്‍ പറഞ്ഞു. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ത്തന്നെ മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട വിഷയമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയത്. മെഡിക്കല്‍ കോഴ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഇ.പി. ജയരാജന്‍ അടക്കം സി.പി.എമ്മിലെ ചില നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചു. മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണം പൂര്‍ത്തിയായതിനു ശേഷം വേണമെങ്കില്‍ കേന്ദ്ര അന്വേഷണത്തിലേയ്ക്ക് പോകാം എന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.