നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവായോ ?.. ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍, അറിയാം…

ആദായ നികുതി വകുപ്പ് രാജ്യത്ത് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍. വ്യക്തികളുടെ വ്യാജ പാന്‍ കാര്‍ഡുകളും ഒന്നില്‍കൂടുതലുള്ള പാന്‍ കാര്‍ഡുകളും കണ്ടെത്തി റദ്ദാക്കുന്നതിന്റെ ഭാഗമായാണിത്. വ്യാജ രേഖകള്‍ നല്‍കി പാന്‍കാര്‍ഡ് എടുത്തവര്‍ നിയമ നടപടിയും നേരിടേണ്ടിവരും.

നിങ്ങളുടെ പാന്‍ ഇപ്പോഴും സാധുവാണോയെന്ന് അറിയാനായി ഇന്‍കംടാക്‌സ് ഇഫയലിങ് വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പേര്, ജനന തിയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക. മൊബലില്‍ ലഭിക്കുന്ന ഒ.ടി.പി. സൈറ്റില്‍ ചേര്‍ക്കുക. നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണെങ്കില്‍ ‘ആക്ടീവ്’ എന്ന് കാണിക്കും. ഈ വിവരങ്ങളുമായി ബന്ധപ്പെട്ട് ഒന്നിലധികം പാന്‍ ഉണ്ടെങ്കില്‍, കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. പുതിയ പേജും തുറന്നുവരും.

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി ഇത്തവണ പാന്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ഐ.ടി. വകുപ്പ് നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ 2017 ഡിസംബറോടെ പാന്‍ കാര്‍ഡ് അസാധുവാകും. കഴിഞ്ഞ ജൂലായ് മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു.