അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്ത്. ഒരു പദ്ധതിയും ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചിരുന്നു. വനേതര പ്രവര്‍ത്തനങ്ങള്‍ക്കു വനഭൂമി ഉപയോഗിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയും സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷനും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനു ഗുണകരമാണ് ഈ പദ്ധതി എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം പദ്ധതി നടപ്പിലാകില്ലെന്ന് തന്നെ വി.എസ് വ്യക്തമാക്കി. എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാനാകില്ല. പദ്ധതി തുടങ്ങിയെന്ന തരത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും വി.എസ് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കില്ലെന്നായിരുന്നു സിപിഐഎം നിലപാട്. പിന്നീട് അധികാരത്തില്‍ എത്തിയപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വ്യക്തമാക്കിയപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു ഉയര്‍ന്നത്. ഘടകക്ഷിയായ സിപിഐ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ വാദം തള്ളിയാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്.
പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ നാശത്തിനും വഴിവയ്ക്കുമെന്നും യുഡിഎഫ് നിലപാട് എടുത്തിരുന്നു. 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന ഈ പദ്ധതി അത്യപൂര്‍വ്വമായ സസ്യ, ജന്തു സമ്പത്തിനും നാശമുണ്ടാക്കും. അതേസമയം നാമമാത്രമായ വൈദ്യുതി ഉല്പാദനത്തിന് മാത്രമേ ഇത് ഉപകരിക്കുകയുമുള്ളൂ. ഗുണത്തക്കാളേറെ ദോഷം ചെയ്യുന്ന ഈ പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്നാണ് യു.ഡി.എഫിനു വേണ്ടി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.